കായകല്‍പ്: ജില്ലയ്ക്ക് അംഗീകാര നിറവ്

Thursday 17 July 2025 12:52 AM IST

തൃശൂർ: പ്രഥമ സംസ്ഥാന ആയുഷ് കായകൽപ് അവാർഡ് പ്രഖ്യാപനത്തിൽ ജില്ലയ്ക്ക് അംഗീകാരങ്ങളുടെ നിറവ്. ഹോമിയോപ്പതി വകുപ്പിന്റെ ജില്ലാ ആശുപത്രികളിൽ 99.17 ശതമാനം മാർക്ക് നേടി തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രി ഒന്നാമതെത്തി. 10 ലക്ഷം രൂപയാണ് അവാർഡ് തുകയായി ആശുപത്രിയുടെ തുടർപ്രവർത്തനങ്ങൾക്കായി ലഭിക്കുക. ഐ.എസ്.എം സബ് ജില്ലാ ആശുപത്രി വിഭാഗത്തിൽ ചേലക്കര ഗവ. ആയുർവേദ ആശുപത്രിക്കാണ് ഒരു ലക്ഷം രൂപയുടെ കമൻഡേഷൻ അവാർഡ്. 95.09 ശതമാനം മാർക്ക് നേടിയാണ് ചേലക്കര ആശുപത്രി പുരസ്‌കാരം നേടിയത്. ഐ.എസ്.എം, ഹോമിയോപ്പതി വകുപ്പുകളിൽ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് ജില്ലാ അടിസ്ഥാനത്തിൽ 98.33 ശതമാനം മാർക്ക് നേടി കയ്പമംഗലം ആയുർവേദ ഡിസ്‌പെൻസറിയും, 99.58 ശതമാനം മാർക്കോടെ അയ്യന്തോൾ ആയുർവേദ ഡിസ്‌പെൻസറിയും ഒന്നാമതെത്തി. ഒരു ലക്ഷം രൂപ വീതമാണ് അവാർഡ് തുകയായി ലഭിക്കുക. ചൊവ്വന്നൂർ, വെള്ളാങ്കല്ലൂർ, കാടുകുറ്റി, കോലഴി, പുത്തൂർ, കൈപ്പറമ്പ് എന്നിവിടങ്ങളിലെ ഡിസ്‌പെൻസറികളും ഇതേ വിഭാഗത്തിൽ 30,000 രൂപയുടെ കമൻഡേഷൻ അവാർഡുകൾ നേടി.

ലക്ഷ്യം സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കൽ

സർക്കാർ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ആയുർവേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികൾ, സബ് ജില്ലാ, താലൂക്ക് ആയുഷ് ആശുപത്രികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ (എ.എച്ച്.ഡബ്ല്യൂ.സി) എന്നിവയിൽ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ആയുഷ് കായകൽപ് അവാർഡ് നൽകുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിർമ്മാർജനം എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ചവർ നടത്തിയ മൂല്യനിർണയം ജില്ലാ, സംസ്ഥാന കായകൽപ് കമ്മിറ്റികൾ വിലയിരുത്തി, സമാഹരിച്ച റിപ്പോർട്ടുകൾ പരിശോധിച്ച് കായകൽപ് അവാർഡ് നിർണയ കമ്മിറ്റിയാണ് മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്.

സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.

-ഡോ. നിഖില നാരായണൻ, ജില്ലാ പ്രോഗ്രാം മാനേജർ, ആയുഷ് മിഷൻ