ഡോണ്‍ സൈജുവിന് സിനിമ മേഖലയിലും ബന്ധങ്ങള്‍; നടത്തിയിരുന്നത് കോടികളുടെ ഇടപാട്

Thursday 17 July 2025 12:20 AM IST

തിരുവനന്തപുരം: കല്ലമ്പലം എം.ഡി.എം.എ കേസില്‍ പിടിയിലായ സഞ്ജുവെന്ന ഡോണ്‍ സൈജുവിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. വര്‍ക്കല ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

യുവനടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണത്തില്‍ പൊലീസിന് ലഭിച്ചു. ഇവരില്‍ പലരുമായും ഇടപാടുകള്‍ നടത്തിയിരുന്നതായാണ് പൊലീസിന്റെ നിഗമനം. വര്‍ക്കലയില്‍ അടുത്തിടെ ചിത്രീകരണത്തിനെത്തിയ നടന്‍ സഞ്ജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന.

കല്ലമ്പലത്ത് പിടികൂടിയത് ക്രിസ്റ്റല്‍ ക്ലിയര്‍ അഥവാ ഏറ്റവും ശുദ്ധമായ എം.ഡി.എം.എയാണ്. ഇത്രയും വിലകൂടിയ ലഹരിയെത്തിക്കുന്നത് വി.ഐ.പി കസ്റ്റമേഴ്‌സിന് വേണ്ടിയാണെന്നാണ് നിഗമനം. വന്‍തോതില്‍ രാസലഹരി വിദേശത്തു നിന്ന് ലഭിക്കുന്ന സഞ്ജുവിന്റെ ലഹരി മാഫിയാബന്ധവും വലുതാണ്. പൊലീസിനോ എക്‌സൈസിനോ അതിലേക്ക് എത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കോടികളുടെ കച്ചവടം

ഒരു വര്‍ഷത്തിനിടെ സഞ്ജു കോടികളുടെ രാസലഹരി കടത്തിയെന്നാണ് വിവരം. വര്‍ക്കലയില്‍ ജനിച്ചുവളര്‍ന്ന സഞ്ജുവിന് ടൂറിസം മേഖലയുമായും നല്ല അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ചെറുപ്പകാലത്തുതന്നെ ക്രിമിനല്‍ കേസുകളില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നു. 2022ല്‍ എം.ഡി.എം.എയുമായി പിടിയിലായതോടെയാണ് രാസലഹരി വില്പനയില്‍ സഞ്ജുവിന്റെ പേര് പുറത്തുവന്നത്. പിന്നീടായിരുന്നു ഇയാളുടെ വളര്‍ച്ച. ജൂലായ് 10നാണ് കല്ലമ്പലത്തുവച്ച് പൊലീസ് നാലുകോടി രൂപ വിലവരുന്ന, ഒന്നേകാല്‍ കിലോ എം.ഡി.എം.എ പിടികൂടിയത്. സഞ്ജുവിന് പുറമെ വലിയവിള സ്വദേശി നന്ദു,ഉണ്ണിക്കണ്ണന്‍,പ്രവീണ്‍ എന്നിവരും അറസ്റ്റിലായിരുന്നു. ഈന്തപ്പഴം നിറച്ച പെട്ടിയില്‍ ഒളിപ്പിച്ച് ഒമാനില്‍ നിന്ന് വിമാനത്തിലാണ് ലഹരി കടത്തിക്കൊണ്ടുവന്നത്.