കേന്ദ്ര പദ്ധതിക്ക് അംഗീകാരം, 100 ജില്ലകൾ കൃഷി സമൃദ്ധമാക്കും

Thursday 17 July 2025 1:28 AM IST

ന്യൂഡൽഹി : കൃഷിയിൽ പിന്നിലായ രാജ്യത്തെ 100 ജില്ലകളിൽ മികച്ച ഉത്പാദനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന നടപ്പാക്കാൻ മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടും.

ആറുവർഷം കൊണ്ട് ഇത്രയും ജില്ലകളെ ശാക്തീകരിക്കും. പ്രതിവർഷം 24,000 കോടി രൂപ നീക്കിവയ്‌ക്കുമെന്ന് ക്യാബിനറ്റ് തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. കൃഷിക്കു മാത്രമായി ശ്രദ്ധ നൽകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്. കേന്ദ്ര - സംസ്ഥാന- സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യമുണ്ടാകും. ആസൂത്രണം, നടപ്പാക്കൽ, നിരീക്ഷണം എന്നിവയ്‌ക്ക് ജില്ല, സംസ്ഥാന, ദേശീയ സമിതികൾ രൂപീകരിക്കും. ജില്ലാസമിതിയാണ് കാർഷിക രീതി അന്തിമമാക്കുന്നത്. കർഷകർ അംഗങ്ങളായിരിക്കും. വിള വൈവിദ്ധ്യവത്കരണം, ജലത്തിന്റെയും മണ്ണിന്റെയും സംരക്ഷണം, ജൈവകൃഷി വ്യാപനം എന്നിവ ഉറപ്പാക്കും. പുരോഗതി അവലോകനത്തിന് ഓരോ ജില്ലയിലും കേന്ദ്ര നോഡൽ ഓഫീസറുണ്ടാവും.

കൃഷിക്ക് വായ്പ

1 സുസ്ഥിര കാർഷിക രീതികളുടെ പ്രയോഗം കൂട്ടും

2 പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ വിള സംഭരണം

3 ദീർഘകാല, ഹ്രസ്വകാല വായ്‌പകൾ ലഭ്യമാക്കും