ഹരിത ഊർജ്ജ പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര ഇടപെടൽ

Thursday 17 July 2025 1:29 AM IST

ന്യൂഡൽഹി: രാജ്യത്ത് ഹരിത ഊർജ്ജ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 7000 കോടിയുടെ നിക്ഷേപം നടത്താൻ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ‌.എൽ‌.സി‌.ഐ‌.എല്ലിന് അനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യ ക്യാബിനറ്റ് സമിതി, ഇതിനായി നിക്ഷേപചട്ടങ്ങളിൽ എൻ‌.എൽ‌.സി‌.ഐ‌.എല്ലിന് പ്രത്യേക ഇളവ് നൽകി. ഇതോടെ, കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് അതിന്റെ ഉപസ്ഥാപനമായ എൻ‌.എൽ‌.സി ഇന്ത്യ റിന്യൂവബിൾസ് ലിമിറ്റഡിൽ (എൻ‌.ഐ‌.ആർ‌.എൽ) 7,000 കോടി രൂപ നിക്ഷേപിക്കാൻ കഴിയും. നേരിട്ടോ, സംയുക്ത സംരംഭങ്ങൾ രൂപീകരിച്ചോ വിവിധ പദ്ധതികളിൽ നിക്ഷേപിക്കാനും സാധിക്കും. 2030ഓടെ പുനരുപയോഗ ഊർജ്ജ ശേഷി 10.11 ഗിഗാവാട്ടായും, 2047ൽ 32 ഗിഗാവാട്ട് ആയി ഉയർത്തുകയുമാണ് ലക്ഷ്യം.

 എൻ‌.ടി‌.പി‌.സി ലിമിറ്റഡിന് കൂടുതൽ അധികാരം

രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിന് എൻ‌.ടി‌.പി‌.സി റിന്യൂവബിൾ എനർജി ലിമിറ്റഡിലും അനുബന്ധ സ്ഥാപനങ്ങളിലും നിക്ഷേപം നടത്താൻ എൻ‌.ടി‌.പി‌.സി ലിമിറ്റഡിന് കൂടുതൽ അധികാരം നൽകാൻ സാമ്പത്തിക കാര്യ ക്യാബിനറ്റ് സമിതി അനുമതി നൽകി. 2032ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുന്നതിന് 20,000 കോടി രൂപ വരെ നിക്ഷേപം നടത്താനാകും.