ഓടുന്ന ബസിൽ പ്രസവം: കുട്ടിയെ വലിച്ചെറിഞ്ഞു
മുംബയ്: ഓടിക്കൊണ്ടിരുന്ന ബസിൽ പ്രസവിച്ച 19കാരി കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞുകൊന്നു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് സംഭവം. ഭർത്താവെന്ന് അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ് കൃത്യം നടത്തിയത്. റിതിക ധിരെ, അൽത്താഫ് ഷെയ്ഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. പൂനെയിൽ നിന്ന് പർഭാനിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇരുവരും.
ഇതിനിടെ യുവതിക്ക് പ്രസവവേദന വരികയും ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ശിശുവിനെ ഉടൻതന്നെ ഒരു തുണിയിൽ പൊതിഞ്ഞ് പുറത്തേക്ക് എറിയുകയായിരുന്നെന്ന് പൊലീസ് പറയുന്നു. രണ്ട് ബെർത്തുകളുള്ള ബസിന്റെ ഡ്രൈവർ ജനാലയിലൂടെ എന്തോ എറിയുന്നത് ശ്രദ്ധിച്ചിരുന്നു. അന്വേഷിച്ചപ്പോൾ ഭാര്യ ഛർദ്ദിക്കുകയാണെന്നാണ് അൽത്താഫ് പറഞ്ഞത്. എന്നാൽ തുണിയിൽ എന്തോ വന്ന് പതിക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരൻ പരിശോധിക്കുകയും കുഞ്ഞിനെ കണ്ടയുടൻ പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
വളർത്താൻ കഴിയാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇരുവരും മൊഴി നൽകി. ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും വിവാഹരേഖ ഹാജരാക്കാനായില്ല. പർഭാനി സ്വദേശികളായ ഇവർ, ഒരു വർഷത്തിലേറെയായി പൂനെയിലാണ് താമസം. യുവതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.