14കാരൻ ഫ്ലാറ്റിന്റെ 16-ാം നിലയിൽ നിന്ന് വീണുമരിച്ചു
പോത്തൻകോട്: ചേങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ 16-ാം നിലയിൽ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കാര്യവട്ടം പുല്ലാന്നിവിള കുരിശടി മൂന്നുമുക്കിൽ അഞ്ജന ഗാർഡൻസ് ലെയ്‌നിൽ പ്രമോദ് വിജയന്റെയും റെനിയുടെയും ഏകമകൻ പ്രണവാണ് (14) മരിച്ചത്. കഴക്കൂട്ടം അലൻ ഫെൽഡ്മാൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
ഇന്നലെ വൈകിട്ട് 5.45ഓടെ 18 നിലകളുള്ള കോൺഫിഡന്റ് ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടാമത്തെ സെക്ഷനിൽ സ്ഥിതിചെയ്യുന്ന 16-ാമത്തെ നിലയിൽ നിന്നാണ് കുട്ടി വീണത്. താഴെ വീഴുന്ന ശബ്ദം കേട്ട താഴത്തെ ഫ്ലാറ്റിലെ താമസക്കാരും സെക്യൂരിറ്റി ജീവനക്കാരുമാണ് വീണുകിടക്കുന്ന പ്രണവിനെ കാണുന്നത്. ഉടൻ ആംബുലൻസിൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രണവിന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണിത്. ഇവർ കാനഡയിലേയ്ക്ക് പോയതിനാൽ ഫ്ലാറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. പ്രണവ് കുടുംബസമേതം പണ്ട് ഇതേ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. ടെക്നോപാർക്ക് ജീവനക്കാരനാണ് പ്രമോദ് വിജയൻ,പാളയം എസ്.ബി.ഐയിലെ ജീവനക്കാരിയാണ് റെനി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് കൊല്ലം മടത്തറ സ്വദേശികളായ ഇവർ കുരിശടി മൂന്നുമുക്കിൽ താമസമാക്കിയത്.
ഇന്നലെ വൈകിട്ട് സ്കൂൾ ബസിൽ ഇറങ്ങിയ പ്രണവ് നടന്ന് രണ്ടരക്കിലോമീറ്റർ അകലെയുള്ള ഫ്ലാറ്റിലെത്തുകയായിരുന്നു. കുട്ടിയെ കണ്ട് മുഖപരിചയമുള്ളതിനാൽ സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടു. ഇതാദ്യമായാണ് പ്രണവ് തനിയെ ഫ്ലാറ്റിലെത്തുന്നത്. സമയം കഴിഞ്ഞിട്ടും പ്രണവ് എത്താത്തതിനെ തുടർന്ന് വീട്ടുജോലിക്കാരി റെനിയെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കൾ പ്രണവിനെ പലയിടത്തും തെരയുന്നതിനിടയിലാണ് സംഭവമറിയുന്നത്. കൈവരിയിൽ നിന്ന് തെന്നി വീണതാണോ ചാടിയതാണോയെന്ന് വ്യക്തമല്ല. സി.സി ടിവി ഉൾപ്പെടെ പരിശോധിച്ചാൽ മാത്രമെ ഇക്കാര്യം വ്യക്തമാകൂ.
സംഭവസമയത്ത് മുൻവശത്തെ വാതിൽ പൂട്ടിയിരുന്നു. പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഫ്ലാറ്റിലെത്തി വാതിൽ തുറന്ന് അകത്തു നിന്നും പൂട്ടിയ ശേഷം ജനാല വഴി ചാടി ജീവനൊടുക്കിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഫ്ലാറ്റിന്റെ താക്കോൽ പ്രണവ് എങ്ങനെ സംഘടിപ്പിച്ചു എന്നതിൽ വ്യക്തതയില്ല.
വേദനയിൽ നാട്
പ്രണവിന്റെ ആകസ്മിക വേർപാടിന്റെ ഞെട്ടലിലാണ് കുരുശടി അഞ്ജന ഗാർഡൻസ് നിവാസികൾ. പഠിക്കാൻ മിടുക്കനായ പ്രണവ് സ്‌കൂളിൽ എല്ലാ വിഷയങ്ങൾക്കും ഒന്നാമനായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നെങ്കിലും എല്ലാവർക്കും പ്രിയങ്കരനാണ്. ഏകമകന്റെ മരണവാർത്തയറിഞ്ഞ അമ്മ റെനി തളർന്നുവീണു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് പോത്തൻകോട് പൊലീസ് വ്യക്തമാക്കി.