ഇന്ത്യയ്ക്കും ബ്രസീലിനും ചൈനയ്ക്കും മുന്നറിയിപ്പ്: റഷ്യൻ ബന്ധം തുടർന്നാൽ ഉപരോധമെന്ന് നാറ്റോ മേധാവി

Thursday 17 July 2025 6:37 AM IST

വാഷിംഗ്ടൺ : ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും എതിരെ പ്രകോപനപരമായ പരാമർശവുമായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ. റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ മൂന്ന് രാജ്യങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ റൂട്ടെ, യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ഈ രാജ്യങ്ങളുടെ തലവൻമാർ ആവശ്യപ്പെടണമെന്നും പറഞ്ഞു.

വാഷിംഗ്ടണിലെത്തിയ റൂട്ടെ യു.എസ് സെനറ്റർമാരോട് സംസാരിക്കുകയായിരുന്നു. 50 ദിവസത്തിനുള്ളിൽ യുക്രെയിനിൽ വെടിനിറുത്തലിന് ധാരണയായില്ലെങ്കിൽ റഷ്യക്കെതിരെ കഠിനമായ തീരുവകൾ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണി മുഴക്കിയിരുന്നു. ഇത് ഏറ്റുപിടിച്ചാണ് റൂട്ടെയുടെ പ്രസ്താവന. നാറ്റോ വഴി യുക്രെയിന് ആയുധങ്ങൾ നൽകുമെന്നും റഷ്യയുടെ വ്യാപാക പങ്കാളികൾക്ക് തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

'നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയോ, ബ്രസീൽ പ്രസിഡന്റോ, ചൈനീസ് പ്രസിഡന്റോ ആകട്ടെ, റഷ്യയുമായി വ്യാപാരം തുടരുകയും അവരുടെ എണ്ണയും വാതകവും വാങ്ങുകയും ചെയ്താൽ... റഷ്യ സമാധാന ചർച്ചകളെ ഗൗരവമായി എടുത്തില്ലെങ്കിൽ, ഞാൻ 100 ശതമാനം ദ്വിതീയ ഉപരോധങ്ങൾ (ഇന്ത്യയ്ക്കും ബ്രസീലിനും ചൈനയ്ക്കും ) ഏർപ്പെടുത്തും. ഇത് നിങ്ങളെ വളരെയധികം ബാധിച്ചേക്കാം. അതിനാൽ ദയവായി പുട്ടിനെ ഫോൺ ചെയ്ത് സമാധാന ചർച്ചകൾ ഗൗരവമായി സ്വീകരിക്കാൻ അദ്ദേഹത്തോട് പറയുക. മറിച്ചായാൽ ഇത് ഇന്ത്യയ്ക്കും ബ്രസീലിനും ചൈനയ്ക്കും വലിയ തിരിച്ചടിയാകും" - റൂട്ടെ പറഞ്ഞു.

അതേ സമയം, ഇന്ത്യയെ പോലെ പരമാധികാര രാഷ്ട്രങ്ങൾക്കെതിരെയുള്ള റൂട്ടെയുടെ പ്രസ്താവന നയതന്ത്രപരമായി അതിരുകടന്നതാണെന്നും ഉപരോധങ്ങൾ ഏർപ്പെടുത്താൻ നാറ്റോയ്ക്ക് അധികാരമില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

യു.എസ്, കാനഡ എന്നീ വടക്കേ അമേരിക്കൻ രാജ്യങ്ങളും 30 യൂറോപ്യൻ രാജ്യങ്ങളും ചേർന്ന സൈനിക സഖ്യമാണ് നാറ്റോ. അംഗരാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ നാറ്റോയിലെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രതിരോധ നടപടി സ്വീകരിക്കുമെന്നാണ് ചട്ടം.

 ഭീഷണിക്ക് വഴങ്ങില്ല

റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യയുടെ പരമാധികാര തീരുമാനമാണെന്നും സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും ഇന്ത്യ മുമ്പ് വ്യക്തമാക്കിയതാണ്. ഇന്ത്യയടക്കം റഷ്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 500 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ല് യു.എസ് സെനറ്റർമാർ തയ്യാറാക്കുന്നുണ്ട്. അതേ കുറിച്ച് ഓർത്ത് ആശങ്കപ്പെടുന്നില്ലെന്നും അങ്ങനെയുണ്ടായാൽ ഇന്ത്യ ആ കടമ്പ മറികടക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

 വഴങ്ങാതെ റഷ്യ

അധികാരത്തിലെത്തി ആദ്യ നാൾ യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും സമവായമുണ്ടായില്ല. പുട്ടിനെ പുകഴ്ത്തിയും റഷ്യയോട് സ്വരം മയപ്പെടുത്തിയും ട്രംപ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വിഫലമായി. ചർച്ചയ്ക്ക് തയ്യാറാണെങ്കിലും, യുക്രെയിൻ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് റഷ്യ. അടുത്തിടെ ട്രംപിനോട് പുട്ടിൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. യുക്രെയിനിൽ റഷ്യ ആക്രമണം ശക്തമാക്കുകയും ചെയ്തു. പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, റഷ്യക്കെതിരെ തീരുവ ഭീഷണി മുഴക്കുകയായിരുന്നു.

# യൂറോപ്പിനും റഷ്യ ആശ്രയം

 2022 ഫെബ്രുവരിയിൽ യുക്രെയിൻ യുദ്ധം തുടങ്ങിയത് മുതൽ റഷ്യയ്ക്ക് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം

 2027ഓടെ റഷ്യൻ വാതക ഇറക്കുമതി പൂർണമായും നിറുത്താൻ യൂറോപ്യൻ യൂണിയൻ (ഇ.യു) ലക്ഷ്യം

 2022 മുതൽ റഷ്യൻ വാതക, എണ്ണ ഇറക്കുമതി ഇ.യു കുറച്ചുവരുന്നു

 എന്നാൽ, സ്ലോവാക്യയും ഹംഗറിയും പൈപ്പ്ലൈൻ വഴി റഷ്യൻ വാതകം ഇപ്പോഴും വൻതോതിൽ ഇറക്കുമതി ചെയ്യുന്നു. റഷ്യൻ വാതക നിരോധനത്തെ ഇവർ എതിർക്കുന്നു

 2024ൽ ഫ്രാൻസ്, ഓസ്ട്രിയ, സ്പെയിൻ, ഗ്രീസ്, ഇറ്റലി എന്നിവർ ഗണ്യമായ അളവിൽ റഷ്യൻ ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്തു

 2024ൽ യൂറോപ്പിലെ പ്രകൃതി വാതക ഇറക്കുമതിയുടെ 18 ശതമാനവും റഷ്യയിൽ നിന്ന്

 2024ൽ യുക്രെയിന് യൂറോപ്പ് നൽകിയത് 22 ബില്യൺ ഡോളർ. ഇക്കാലയളവിൽ യൂറോപ്പ് റഷ്യയിൽ നിന്ന് വാങ്ങിയത് 25 ബില്യൺ ഡോളറിന്റെ ഫോസിൽ ഇന്ധനം