വാർത്താവായനയ്‌ക്കിടെ പിന്നിൽ വ്യോമാക്രമണം; ഓടി രക്ഷപ്പെട്ട് അവതാരക, വീഡിയോ

Thursday 17 July 2025 8:00 AM IST

ഡമാസ്‌കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങൾക്കും പ്രസിഡൻഷ്യൽ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. ഇപ്പോഴിതാ ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

സിറിയയിലെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ പിന്നിൽ സ്ഫോടനം നടക്കുന്നതാണ് പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. തുടർന്ന് വാർത്താ അവതാരക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ചാനലിലെ തത്സമയ വാർത്തയ്ക്കിടെയാണ് ആക്രമണം നടന്നത്. വാർത്ത വായ്ക്കുന്നതിനിടെ പിന്നിലെ കെട്ടിടത്തിൽ ബോംബ് വീണ് തകരുന്നതും വീഡിയോയിൽ കാണാം.

തെക്കൻ സിറിയയിലെ സുവെയ്ദ മേഖലയിൽ ന്യൂനപക്ഷമായ ഡ്രൂസ് മതവിഭാഗക്കാർക്കെതിരെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം. ഡ്രൂസ് വിഭാഗക്കാരുടെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്നും, അവരുമായി ഏറ്റുമുട്ടുന്ന സിറിയൻ സർക്കാർ സേന സുവെയ്ദയിൽ നിന്ന് പിൻവാങ്ങും വരെ ആക്രമണം തുടരുമെന്നും ഇസ്രയേൽ പറയുന്നു.

ഞായറാഴ്ചയാണ് സുവെയ്ദയിൽ ഡ്രൂസ്, ബെദൂയിൻ വിഭാഗങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. ഡ്രൂസ്-ബെദൂയിൻ സംഘർഷം പരിഹരിക്കാൻ നഗരത്തിൽ പ്രവേശിച്ച സർക്കാർ സേന,​ ഒടുവിൽ ഡ്രൂസ് വിഭാഗക്കാരുമായി ഏറ്റുമുട്ടൽ തുടങ്ങി. 300ലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഡ്രൂസ് വിഭാഗത്തിൽപ്പെട്ടവരെ കാണാതാവുന്നെന്നും സർക്കാർ സേനയുടെ പിന്തുണയോടെ ബെദൂയിൻ വിഭാഗങ്ങളാണ് പിന്നിലെന്നും ആരോപിക്കുന്നു. സംഘർഷങ്ങളിൽ യു.എസ് ആശങ്ക രേഖപ്പെടുത്തി.