എസ്എഫ്ഐ യുകെയുടെ ലണ്ടൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
ലണ്ടൻ: 1981 ജൂലൈ 13ന് ധീര രക്തസാക്ഷിത്വം വഹിച്ച എസ്എഫ്ഐ പ്രവർത്തകൻ പ്രദീപ് കുമാറിന്റെ ഓർമ്മ പുതുക്കുന്ന ദിവസം എസ്എഫ്ഐ യു കെയുടെ ലണ്ടൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു ഔദ്യോഗികമായി തുറന്നുകൊടുത്തു. എസ്എഫ്ഐ യു കെ വൈസ് പ്രസിഡന്റ് നുപുർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ-ജിബിയുടെ ദേശീയ പ്രസിഡന്റ് ഹർശേവ് ബൈൻസ് ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ വളർച്ചയും ജനാധിപത്യ വിരുദ്ധ ശക്തികൾക്കെതിരെ സ്വീകരിച്ചു പോരുന്ന നിലപാടുകളും ഉദ്‌ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇന്ത്യയിലും ബ്രിട്ടനിലും ശക്തമായ പോരാട്ടങ്ങൾക്ക് തയ്യാറാവേണ്ട അനിവാര്യത വ്യക്തമാക്കി.
എസ് എഫ്ഐ യു കെ സെക്രട്ടറി നിഖിൽ മാത്യു, IWA GB ജനറൽ സെക്രട്ടറി ലിയോസ് എന്നിവർ സംസാരിച്ചു. എസ്‌എഫ്‌ഐ-യുകെ ജോയിന്റ് സെക്രട്ടറി വിഷാൽ ഉദയകുമാർ ചടങ്ങിൽ നന്ദി പറഞ്ഞു. ഫിഡൽ കാസ്ട്രോയുടെ ട്രാൻസ്ലേറ്റർ ആയിരുന്ന ശ്രീ ലൂർദ് ഉൾപ്പെടെ ക്യൂബയിൽ നിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ അഭയ കേന്ദ്രമായി സജീവമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തോടെ സംഘടന ലക്ഷ്യമിടുന്നത്.