'അവൻ കഷ്‌ടപ്പെടട്ടെ, എന്തുവന്നാലും മമ്മൂട്ടി ദുൽഖറിനൊപ്പം അഭിനയിക്കില്ല, അതിന് കാരണമുണ്ട്'

Thursday 17 July 2025 12:43 PM IST

സിനിമാരംഗത്തിറങ്ങിയ താരപുത്രന്മാരിൽ വിജയിച്ച വളരെചുരുക്കംപേരെയുള്ളു. അതിൽ ഇന്ന് പാൻ ഇന്ത്യ തലത്തിൽ ആരാധകരുള്ള മലയാളി നടനാണ് ദുൽഖർ സൽമാൻ. തന്റെ പിതാവ് മമ്മൂട്ടിയുടെ യാതൊരു പിന്തുണയും ഇല്ലാതെയാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് എത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിറ്റ് ചിത്രങ്ങളിൽ നായകനായി എത്തുന്നുണ്ടെങ്കിലും ഇതുവരെ ഒരു സിനിമയിലും ദുൽഖർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടില്ല. അതിന് കാരണം മമ്മൂട്ടിക്ക് താൽപ്പര്യമില്ലായ്‌മയാണ് എന്നാണ് വിവരം. മുമ്പ് നടൻ മണിയൻപിള്ള രാജു ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മകൻ ഒരു നടൻ ആയതിൽ മമ്മൂട്ടിക്ക് ഇപ്പോഴും വലിയ അത്ഭുതമാണ്. കാരണം കുട്ടിക്കാലത്ത് കലാവാസനയൊന്നും ദുൽഖർ പ്രകടിപ്പിച്ചിട്ടില്ല. അന്നും ഇന്നും മകനുവേണ്ടി ശുപാർശ നടത്താൻ മമ്മൂട്ടി തയ്യാറല്ല. ഇത് ജനങ്ങൾ അറിയാൻ പറയുകയാണ്. ദുൽഖർ സ്വന്തം നിലയ്‌ക്ക് വളർന്നുവരണം എന്ന നിർബന്ധം ഉള്ളതിനാലാണ് എവിടെയും ശുപാർശ ചെയ്യാത്തതും പ്രമോട്ട് ചെയ്യാനായി ഒന്നിച്ചൊരു സിനിമയിൽ അഭിനയിക്കാത്തതും.

ആരെങ്കിലും അങ്ങനെ അഭിനയിക്കാൻ പറഞ്ഞാലും ഇല്ല ഞാൻ തനിച്ച് അഭിനയിച്ചോളാം അവനും തനിയെ അഭിനയിച്ചോട്ടെ എന്നാണ് അദ്ദേഹം മറുപടി പറയാറുള്ളത്. ഒരുപാടുപേർ ശ്രമിച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്ക് വേണ്ടി ചില റോളുകൾ മാറ്റിവയ്‌ക്കുമെങ്കിലും ദുൽഖറിന്റെ കാര്യം വന്നാൽ അവൻ കഷ്‌ടപ്പെട്ട് വരട്ടെ എന്നാണ് മമ്മൂട്ടി പറയാറുള്ളത്. പക്ഷേ, ദുൽഖർ സ്വന്തം കഴിവുകൊണ്ട് ഈ നിലയിലെത്തി. ഇന്ന് മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് ആയ മൂന്ന് നടന്മാരെ എടുത്താൽ അതിൽ ഒന്ന് അയാളാണ്' - മണിയൻപിള്ള രാജു പറഞ്ഞു.