മോഷ്‌ടിക്കാൻ ക്ഷേത്രത്തിനുള്ളിൽ കയറിയ കള്ളൻ ഉറങ്ങിപ്പോയി; രാവിലെ വിളിച്ചുണർത്തിയത് പൊലീസ്

Thursday 17 July 2025 3:04 PM IST

റാഞ്ചി: ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടന്ന കള്ളനെ നാട്ടുകാരും പൂജാരിയും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. വെസ്റ്റ് സിംഗ്ഭുമിലെ മാർക്കറ്റ് ഏരിയയിലെ കാളി ക്ഷേത്രത്തിലാണ് സംഭവം. മോഷ്‌ടിക്കാനായി കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറിയ വീർ നായക് മദ്യലഹരിയിൽ ഉറങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തിയാണ് കള്ളനെ വിളിച്ചുണർത്തിയത്. മോഷ്‌ടിച്ച വസ്‌തുക്കളും കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിന്റെ പിൻവാതിൽ തകർത്താണ് വീർ നായക് അകത്തുകടന്നത്. ക്ഷേത്രത്തിലെ സ്വർണം, വെള്ളി ആഭരണങ്ങളും ദേവിയുടെ കിരീടവും വിലപിടിപ്പുള്ള മറ്റ് വസ്‌തുക്കളും ഇയാൾ കൈക്കലാക്കി. പക്ഷേ, ഈ വസ്‌തുക്കളുമായി രക്ഷപ്പെടുന്നതിന് പകരം വീർ നായക് ക്ഷേത്രത്തിനുള്ളിൽ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു.

രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കള്ളനെ ആദ്യം കണ്ടത്. വിഗ്രഹത്തിന് സമീപം കിടന്നുറങ്ങുന്നയാളെ കണ്ട് ആദ്യം ഭയന്നെങ്കിലും മോഷണ ശ്രമമായിരുന്നുവെന്ന് മനസിലായി. അദ്ദേഹം ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സ്റ്റേഷൻ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ബലേശ്വർ ഒറാവോൺ പറഞ്ഞത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

ദൈവത്തിന്റെ ശക്തി കാരണമാണ് പ്രതിക്ക് രക്ഷപ്പെടാനാകാത്തത് എന്നാണ് പ്രദേശവാസികളും ഭക്തരും പറയുന്നത്. ഇത് അസാധാരണമായ സംഭവമാണെന്ന് പൂജാരിയും പറഞ്ഞു. കള്ളനെ പാഠം പഠിപ്പിക്കാൻ ദേവി കൊടുത്ത ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.