പിടിവിട്ട് വെളിച്ചെണ്ണ വില, കിറ്റ് എങ്ങനെ ഒരുക്കും
കോട്ടയം : ഓണം അടുക്കുമ്പോൾ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറ് കടക്കുമെന്നായതോടെ മുൻകൂർ തവണകളായി പണം വാങ്ങി ഓണക്കിറ്റ് ഒരുക്കുന്നവരെല്ലാം എയറിലാണ്. കിറ്റിന്റെ പണം വാങ്ങുമ്പോൾ 150 രൂപ പോലും കിലോയ്ക്ക് വിലയില്ലായിരുന്നു. ഇതോടെ മുൻകൂർ പറഞ്ഞ അളവിൽ എങ്ങനെ വെളിച്ചെണ്ണ കൊടുക്കുമെന്ന നെട്ടോട്ടത്തിലാണ് വ്യാപാരികളും അയൽക്കൂട്ടങ്ങളും സാശ്രയസംഘങ്ങളുമെല്ലാം. പലചരക്ക് സാധനങ്ങളുടെ ആകെയുള്ള വിലക്കയറ്റത്തിന് പിന്നാലെയാണ് അപ്രതീക്ഷിതമായി വെളിച്ചെണ്ണ ചതിച്ചത്. മുൻവർഷങ്ങളിൽ പലചരക്ക് സാധനങ്ങളുടെ വിലകൂടിയത് മുന്നിൽക്കണ്ട് ഇക്കുറി അടവ് തുക കൂട്ടിയിരുന്നു. എന്നാൽ ഇതുകൊണ്ടും തുടങ്ങിയപ്പോഴുള്ളതിനേക്കാൾ 20 ശതമാനം വരെ വില ഒരോ പലചരക്ക് ഉത്പന്നങ്ങൾക്കും കൂടിയിട്ടുണ്ട്. എന്നാൽ അത് താങ്ങാമെങ്കിലും വെളിച്ചെണ്ണയിൽ എന്തു ചെയ്യുമെന്നാണ് ചോദ്യം. ഓണത്തിന് പിന്നാലെ ആഴ്ചയിലോ, മാസത്തിലോ നിശ്ചിതതുക വീതം ആളുകളിൽ നിന്ന് വാങ്ങി അടുത്ത ഓണക്കാലത്ത് കിറ്റ് നൽകുന്നതാണ് പദ്ധതി. കിറ്റിലുള്ള സാധനങ്ങളെക്കുറിച്ചും അളവും നേരത്തെ അറിയിക്കും. പല അയൽക്കൂട്ടങ്ങളും കുടുംബശ്രീ യൂണിറ്റുകളും വ്യാപാരികളുമൊക്കെ വർഷങ്ങളായി ഇത്തരത്തിൽ കിറ്റ് നൽകാറുണ്ട്. പലരിൽ നിന്ന് നിശ്ചിത തുക ഈടാക്കുമ്പോൾ ആകെ തുക ലക്ഷങ്ങൾ വരും. വർഷം മുഴുവൻ ചെലവഴിക്കാമെന്നതും ചെറിയ ലാഭവുമാണ് വ്യാപാരികളുടെ നേട്ടം. ഓണത്തിന് ഒരുമിച്ച് പണം കണ്ടത്താതെ വിഭവസമൃദ്ധമായ സദ്യയൊരുക്കാമെന്നതാണ് ഉപഭോക്താക്കൾക്കുള്ള മെച്ചം.
മുൻകൂർ ധാരണ തെറ്റും
രണ്ട് കിലോ വെളിച്ചെണ്ണ വരെ കിറ്റിൽ ഉൾപ്പെടുത്തിയവരുണ്ട് ജില്ലയിൽ. ഇവരൊക്കെ ഇപ്പോഴത്തെ വിലയ്ക്കെങ്കിലും വെളിച്ചെണ്ണ കിട്ടുമോയെന്നറിയാനുള്ള ഓട്ടത്തിലാണ്. ഇതിന് പുറമേയാണ് തേങ്ങയും ഈ വിലയ്ക്ക് എങ്ങനെ കൊടുക്കുമെന്ന ആശങ്ക. വെളിച്ചെണ്ണ വിലയുടെ കാര്യം ആളുകളെ ബോദ്ധ്യപ്പെടുത്തി അളവ് കുറയ്ക്കാനും ആലോചനയുണ്ട്.
'' കിറ്റിന്റെ ലാഭം മുഴുവുൻ ഇപ്രാവശ്യം വെളിച്ചെണ്ണ കൊണ്ടുപോയി. വിപണി വിലയേക്കാൾ കുറവിൽ വ്യാജന്മാരുണ്ടെങ്കിലും അളവ് കുറച്ചാലും നല്ല ഉത്പന്നം മാത്രം കൊടുക്കാനാണ് തീരുമാനം.
'' അനൂപ് ആലപ്ര, സ്വാശ്രയസംഘം പ്രവർത്തകൻ
കിറ്റ് തുടങ്ങുമ്പോൾ വില : 150
ഇപ്പോൾ : 440
ഓണമാകുമ്പോൾ : 500ന് മുകളിൽ