മലരിക്കൽ ആമ്പൽ ടൂറിസം : വരുമാനം കർഷകർക്ക് പങ്കിടും

Friday 18 July 2025 12:55 AM IST

കോട്ടയം : മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന നൂതന മാതൃകയാകും. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ - ബ്ലോക്ക്, 850 ഏക്കറിലെ തിരുവായ്ക്കരി പാടശേഖര സമിതികളും, സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും ചേർന്നാണ് ധാരണ. ടൂറിസം സീസൺ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താൽ കേടുപാടു സംഭവിച്ച വരമ്പുകൾ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ശക്തിപ്പെടുത്താനും ഈ തുക കർഷകർക്ക് ഉപയോഗിക്കാനാകും. ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങൾ അതാതു പാടശേഖര സമിതികളുമായി ചേർന്ന് സഞ്ചാരികൾക്ക് കടവുകൾ ക്രമീകരിക്കും. റൊട്ടേഷൻ അടിസ്ഥാനത്തിലാണ് വള്ളങ്ങൾ.

ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ ചേർന്നാണ് തീരുമാനങ്ങൾ എടുത്തത്. ഡിവൈ.എസ്.പി കെ.ജി. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. അനിൽകുമാർ ആമുഖ പ്രസംഗം നടത്തി.

വള്ളങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധം

ടൂറിസ്റ്റുകൾ കാഞ്ഞിരം പാലം കടന്ന് മലരിക്കൽ ജംഗ്ഷനിൽ എത്തി തിരിച്ചു പോകുന്ന വിധം പാർക്കിംഗ് നിർബന്ധമാക്കി. സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ ഫീസ് നൽകി ഉപയോഗിക്കാനാകും. പുതിയതായി വീതി കൂട്ടിയ ടൂറിസം റോഡ് ഭാഗത്ത് താത്കാലികമായോ സ്ഥിരമായോ വ്യാപാര സ്ഥാപനങ്ങൾ അനുവദിക്കില്ല.വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നവർ യൂണിഫോം ധരിക്കണം.