രാമകഥ, ഭൂമിയുള്ളിടത്തോളം...

Friday 18 July 2025 3:06 AM IST

കർക്കടകം രാമായണ സ്മൃതികളിൽ ഉണർന്നിരിക്കുന്നു. നന്മയുടെ ചിരന്തനമായ അനുസ്മരണവും അനുരണനവും മാതൃകാപരമായ അനുകരണവും ഇവിടെ കാണാം. ആദികവിയുടെ തൂലികത്തുമ്പിൽ നിന്നുതിർന്ന അതിമനോരമായ മഹാകാവ്യം. ആരെയും അതിശയിപ്പിക്കുന്ന കാലാതിവർത്തിയായ ഇതിഹാസകാവ്യം. കർമ്മകുശലനും ധർമ്മസ്വരൂപനുമായ ശ്രീരാമന്റെ കഥയെന്നത് ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ സീതാദേവിയുടെ കൂടി കഥയാണ്.

സിംഹാസനം വിട്ട്, ഭയാനകമായ കൊടുംകാടകങ്ങളെ പുൽമെത്തയായിക്കണ്ട് സർവ്വോത്കൃഷ്ടമായ ബഹുജനഹിതത്തിനും ബഹുജന സുഖത്തിനും വേണ്ടി സ്വഹിതങ്ങളെ സ്വജനഹിതമാക്കിയ ശ്രീരാമകഥ ആർക്കാണ് പാടിപ്പുകഴ്ത്താൻ കഴിയാത്തത്! ഏതു ലോകത്തിലാണ് അത് അവിസ്മൃതമാക്കാൻ കഴിയുക? ആരുടെ ഹൃദയത്തിലാണ് അത് ചിരപ്രതിഷ്ഠിതമാകാത്തത്! പിതൃ-പുത്ര ബന്ധത്തിന്റെ മഹനീയതയും, പ്രതിജ്ഞാപാലനത്തിന്റെ കമനീയതയും, ഹൃദയനൈർമ്മല്യത്തിന്റെ ദൃഢതയും, മാതൃപൂജയുടെ മഹനീയതയും, പതിഭക്തിയുടെ പൂർണതയും, സഹോദര സനേഹത്തിന്റെ ഊഷ്മളതയും, യജമാന സനേഹവിശ്വാസ്യതയുടെ ശക്തിയും, രാജ്യഭക്തിയുടെ ജാജ്ജ്വല്യമാനതയും, രാജഭക്തിയുടെ സംശുദ്ധതയും, പ്രജാസേവനത്തിന്റെ സത്യസന്ധതയും, രാജ്യസേവന ശുദ്ധിയുടെ ശോഭനതയും തിളങ്ങിനിൽക്കുന്ന രാമായണത്തിൽ, ലോകത്തിനു പാഠമായി സ്വാർത്ഥതയുടെയും ഏഷണിയുടെയും ദൗർബല്യങ്ങളുടെയും അസത്യ സനേഹപ്രകടനങ്ങളുടെയും വിഷലിപ്തമായ കുമാർഗങ്ങളുടെയും പരിണതഫലങ്ങൾസുവ്യക്തമായി വരച്ചുചേർത്തിരിക്കുന്നു.

കേരളീയ ജീവിതത്തിന്റെ ആത്മീയമായ ഉയർച്ചയ്ക്കും ഭൗതികമായ വളർച്ചയ്ക്കും രാമായണം നൽകിയിട്ടുള്ള സംഭാവനകൾ അവിസ്മരണീയമാണ്. സ്വാർത്ഥതയുടെ നീഡത്തിൽ മുനിഞ്ഞിരിക്കുന്ന മനുഷ്യൻ, അവന്റെ നിത്യജീവിതത്തിന്റെ സഹജമായ വ്യത്യസ്ത അനുഭവങ്ങളുടെ സഹജഭാവങ്ങളുടെ സമ്യക്‌രൂപമായ സ്വഭാവ വ്യതിരിക്തതകളുടെ ചിത്രം എന്തെന്ന് ശ്രീരാമചരിതം നമ്മെ, പഠിപ്പിക്കുന്നു. അന്ധകാരജടിലവും അതുകൊണ്ടുതന്നെ വിവർണവും അവ്യക്തവുമായ അജ്ഞതയിൽ നിന്ന്, വർണമോഹനവും സുവ്യക്തവും പ്രകാശ സമ്പൂർണവുമായ അറിവിലേക്ക് രാമകഥ നമ്മെ ക്ഷണിക്കുന്നു.

വിഭ്രമജനകമായ ജീവിതത്തിന്റെ വിഹ്വലതകളിൽ നിന്ന് വിമലമായ ആത്മാനുഭൂതിയുടെ സവിശേഷതകളിലേക്ക് രാമന്റെ അയനം നമ്മെ ആനയിച്ചുകൊണ്ടുപോകുന്നു .ശ്രീരാമന്റെയും സീതയുടെയും കഥ മനുഷ്യജീവിതത്തിന്റെ ഗതിപതനങ്ങളിൽനിന്ന്, ധർമ്മചിന്തയിലൂന്നിയ കർമ്മസമൃദ്ധിയുടെ ഊഷ്മളമായ ഗതിസുഷമയിലേക്ക്,​ ജീവിതഗരിമയിലേക്ക് നമ്മെ കൈപിടിച്ചുയർത്തുന്നു; ജാതി,​ മത, ​വേഷ,​ ഭാഷാന്തരങ്ങളില്ലാതെ.

ആത്മസമർപ്പണപരമായ ജീവിതത്തിന്റെ സൗന്ദര്യമാണ് രാമനും തത്വിഷയകമായ രാമായണ കഥയും. പ്രജാപതി, പ്രജാക്ഷേമൈക നിരതനെങ്കിൽ രാജ്യം യോഗക്ഷേമനിരതമായിരിക്കും. പ്രകൃതിപോലും അനുഗ്രഹപൂർണമായിരിക്കും. അത് അചിരേണ കാലാതിവർത്തിയായ ഇതിഹാസമായി മാറും! അതുകൊണ്ടുതന്നെയാണ് ഭൂമിയിൽ നദികളും മലകളുമുള്ള കാലത്തോളം ശ്രീരാമകഥയും നിലനിൽക്കുമെന്നു പറയുന്നത്.