ഉമ്മൻചാണ്ടി അനുസ്മരണം തുടക്കം... അനൗദ്യോഗിക തിരഞ്ഞെടുപ്പ്  ഒരുക്കങ്ങളിലേക്ക് കോൺഗ്രസ്

Friday 18 July 2025 1:19 AM IST

കോട്ടയം : ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ച് ഇന്ന് പുതുപ്പള്ളിയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അനൗദ്യോഗിക തുടക്കം കൂടിയാകും. ഉമ്മൻചാണ്ടി വികാരം പരമാവധി നിലനിറുത്തിയാകും ഇനിയുള്ള ദിവസങ്ങളിലും മുന്നോട്ടു പോവുക.

ഒന്നാം ചരമ വാർഷികത്തിന് രാഷ്ട്രീയ നിറമില്ലായിരുന്നെങ്കിൽ ഇക്കുറി കെ.പി.സി.സിയും, ഡി.സി.സിയും നേരിട്ടാണ് പുതുപ്പള്ളിയിൽ ചടങ്ങുകൾക്ക് ചുക്കാൻ പിടിക്കുന്നത്. രാഹുൽ ഗാന്ധിയ്‌ക്കൊപ്പം സംസ്ഥാനത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം പുതുപ്പള്ളിയിലുണ്ട്. ഉമ്മൻചാണ്ടിയും പുതുപ്പള്ളിയുമെന്ന വികാരം പരമാവധി കോൺഗ്രസുകാരിൽ നിറയും. രാഷ്ട്രീയഭേദമന്യേ ഉമ്മൻചാണ്ടിയുടെ സ്വീകാര്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ഉമ്മൻചാണ്ടി ട്രസ്റ്റായിരുന്നു സംഘടിപ്പിച്ചത്. രാഷ്ട്രീയ നിറം കൊടുക്കാതെ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു ഉദ്ഘാടകൻ. വി.ഡി.സതീശനും, ശശി തരൂരും പാർട്ടിയെ പ്രതിനിധീകരിച്ചപ്പോൾ സഭാ മേലദ്ധ്യക്ഷന്മാരും, പാണക്കാട് തങ്ങളും, സന്യാസിമാരും ഉൾപ്പെടെയാണ് പങ്കെടുത്തത്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ ഇന്നത്തെ അനുസ്മരണത്തിന്റെ രാഷ്ട്രീയവും ചർച്ചയാകുന്നത്. ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷമുണ്ടായ പാർട്ടിയിലെ അസ്വാരസ്യങ്ങൾ ഇല്ലാതാക്കാനും രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

 കോട്ടയത്ത് കരുത്ത് കൂട്ടും

കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്ത് കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ എൽ.ഡി.എഫ് ഉണ്ടാക്കിയ മുന്നേറ്റത്തിന് തടയിടുകയെന്ന ലക്ഷ്യവുമുണ്ട്. പുതുപ്പള്ളിയും പരിസരവും നിറയെ ഉമ്മൻചാണ്ടിയുടെയും, രാഹുൽ ഗാന്ധിയുടെയും ഫ്ലക്സുകളാൽ നിറഞ്ഞിരിക്കുകയാണ്. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ പരമാവധി ചടങ്ങിൽ എത്തിക്കാനാണ് നിർദ്ദേശം. ഉമ്മൻചാണ്ടി വികാരത്തിനൊപ്പം രാഹുൽ ഗാന്ധിയുണ്ടാക്കുന്ന ആവേശം ജോസ് കെ.മാണി ഉയർത്തുന്ന വെല്ലുവിളിയെ ഇല്ലാതാക്കാമെന്നാണ് നേതാക്കൾ കരുതുന്നത്.