ഭക്തരുടെ വഴിയടക്കരുത്, കർശന നിർദ്ദേശം

Friday 18 July 2025 12:31 AM IST

രാമപുരം : നാലമ്പല വഴിയരികിലെ മരത്തടികൾ ഉൾപ്പെടെയുള്ള തടസ്സങ്ങൾ എത്രയും വേഗം നീക്കാൻ ജില്ലാ ഭരണകൂടം പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡിലെ കുഴികൾ ഉടൻ അടയ്ക്കാനും നിർദ്ദേശമുണ്ട്. മഴ തുടരുന്നതാണ്‌ കുഴികൾ അടയ്ക്കുന്നതിന് തടസമെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചതായാണ് സൂചന. രാമപുരം നാലമ്പല ദർശന സീസണിന് മുമ്പായി മുന്നൊരുക്കയോഗം കൂടിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ഉദ്യോഗസ്ഥരുടെ നിലപാടിനെപ്പറ്റി ഇന്നലെ ''കേരള കൗമുദി'' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ജില്ലാ ഭരണനേതൃത്വവും, പാലാ ആർ.ഡി.ഒ.യും പ്രശ്‌നത്തിലിടപെട്ടത്.

അമനകര ഭരതസ്വാമിക്ഷേത്രത്തിന് സമീപം റോഡ് വക്കിൽ കിടക്കുന്ന തടികൾ എത്രയും വേഗം മാറ്റി റിപ്പോർട്ട് സമർപ്പിക്കണം. നാലമ്പലങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഞായറാഴ്ചകളിൽ ഉച്ചതിരിഞ്ഞും ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കണമെന്ന് ഡി.എം.ഒ.യ്ക്ക് നിർദ്ദേശം നൽകി.