കടയ്ക്കാവൂർ ഓവർബ്രിഡ്ജ് കാടുകയറി: യാത്രക്കാർ ദുരിതത്തിൽ

Friday 18 July 2025 1:35 AM IST

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേസ്റ്റേഷനെ അധികൃതർ അവഗണിക്കുന്നതായി പരാതി.സ്റ്റേഷനും പരിസരവും കാടുകയറി നശിക്കുകയാണ്.ഇവിടേക്ക് പാഴ്‌വസ്തുക്കൾ വലിച്ചെറിഞ്ഞ് ഇഴജന്തുക്കളുടെ താവളവുമായി. കടയ്ക്കാവൂർ ഓവർബ്രിഡ്ജിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള മെയിൻ റോഡായ പനമ്പള്ളി റോഡും പുല്ല് വളർന്ന് കാടുപിടിച്ച് കിടന്നിട്ട് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.

കടയ്ക്കാവൂരിന്റെ ഹൃദയഭാഗങ്ങളിലൊന്നായ ഓവർബ്രിഡ്ജും പരിസരവുമാണ് കാടുകയറി നശിക്കുന്നത്. ജംഗ്ഷനിലെ ഓവർബ്രിഡ്ജിന് 12 മീറ്റർ വീതിയാണുള്ളത്.സ്കൂൾ ബസുകളും സർവീസ് ബസുകളും കാൽനടയാത്രക്കാരുമായി എപ്പോഴും തിരക്കേറിയ പാലമാണിത്.

രണ്ട് വലിയ വാഹനങ്ങൾ വന്നാൽ വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ ജീവനുംകൊണ്ട് ഓടണം. കാടുപിടിച്ചതോടെ പ്രദേശം മാലിന്യകേന്ദ്രവുമാണ്. കാടുപിടിച്ച് കിടക്കുന്നതിനാൽ എതിർവശത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാനും കഴിയാറില്ല. നടപ്പാതയിലെ പുല്ല് വൃത്തിയാക്കി സുരക്ഷിത യാത്ര ഒരുക്കണമെന്നാണ് കാൽനടയാത്രക്കാരുടെ ആവശ്യം.