ഭൂമിയേറ്റെടുക്കൽ , പുനരധിവാസം സർക്കാർ  ബാദ്ധ്യതയല്ല: സുപ്രീംകോടതി

Friday 18 July 2025 12:40 AM IST

ന്യൂഡൽഹി: ഭൂമിയേറ്റെടുക്കൽ കേസുകളിൽ പുനരധിവാസം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് നിയമപരമായി ബാദ്ധ്യതയില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ന്യായമായ നഷ്‌ടപരിഹാരം ഭരണഘടന ഉറപ്പുനൽകുന്നുവെന്ന് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

നിയമത്തിലും നയത്തിലും പുനരധിവാസം വ്യവസ്ഥ ചെയ്‌തിട്ടുണ്ടെങ്കിൽ അതാകാം. ഉപജീവനമാർഗം നിഷേധിക്കുന്നത് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന ഭൂഉടമകളുടെ വാദം തള്ളി.

ഭൂഉടമകളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരുകൾ അനാവശ്യമായി ഇത്തരം പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ബുദ്ധിമുട്ടുകളിൽ ചെന്നു ചാടുകയും ചെയ്യും. ഇത് അനാവശ്യമായ വ്യവഹാരങ്ങൾക്ക് കാരണമാകും. മാനുഷിക പരിഗണന നൽകേണ്ട കേസുകളിൽ മാത്രം പ്രാവർത്തികമാക്കിയാൽ മതിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കേരളത്തിൽ റോഡ്, റെയിൽ വികസനവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ നിലപാട് ശ്രദ്ധേയമാണ്. ഹരിയാന നഗരവികസന അതോറിട്ടിയുടെ 1990ലെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലാണ് വിധി. പുനരധിവാസം വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂമി ഉടമകൾ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. തുടർന്ന് ഹരിയാന നഗരവികസന അതോറിട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഭൂമി ഉടമകൾക്ക് അതോറിട്ടിയുടെ 1992ലെ പുനരധിവാസ നയപ്രകാരം പകരം ഭൂമി ആവശ്യപ്പെടാനാകില്ല. 2016ലെ പുതുക്കിയ നയപ്രകാരം ആവശ്യപ്പെടാനും അനുമതി നൽകി.

നിരാലംബർക്ക്

പുനരധിവാസമാകാം

 നിരാലംബരായ വ്യക്തികൾക്ക് താമസ സ്ഥലമോ ഉപജീവനമാർഗമോ നഷ്‌ടപ്പെടുകയാണെങ്കിൽ പുനരധിവാസം നൽകാം. അതായത് അവരുടെ ജീവിതവും ഉപജീവനമാർഗവും ആ ഭൂമിയുമായി ബന്ധപ്പെട്ടതായിരിക്കണം.

 അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമേ കുടിയിറക്കപ്പെട്ടവർക്ക് നഷ്‌ടപരിഹാരം നൽകുന്നതിനു പുറമേ, പുനരധിവാസത്തിനായി പദ്ധതി ആവിഷ്‌ക്കരിക്കാൻ സർക്കാരിന് കഴിയൂ.