ഓണവിപണിയിലെത്താൻ ജൈവപച്ചക്കറിയും പൂക്കളും
പാലോട്: ഇക്കുറി ഓണവിപണി കീഴടക്കാനെത്തുന്നത് ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികളാണ്. നന്ദിയോട്,ആനാട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ പച്ചക്കറിയുടെ മായാപ്രപഞ്ചമാണ് ഒരുക്കിയിട്ടുള്ളത്. പയർ,ചീര,വെണ്ട,വഴുതന,പാവൽ,പുതിന,മല്ലിയില,ഇഞ്ചി,ചേന,ചേമ്പ്,കാച്ചിൽ തുടങ്ങിയ എല്ലാ പച്ചക്കറികളും ടൺകണക്കിന് ഓണവില്പനയ്ക്കായി എത്തിച്ചേരും. പൊതു വിപണിയെക്കാൾ 30 ശതമാനം വിലക്കുറവിലാണ് പച്ചക്കറികൾ വിപണിയിലെത്തുക. കപ്പ,പാളയംകോടൻ,ഏത്തൻ,രസകദളി തുടങ്ങിയവയുമുണ്ടാകും. ഓണത്തിന് പൂക്കളമൊരുക്കാൻ പത്തിനം പൂക്കളാണ് കർഷകർ നട്ടുവളർത്തുന്നത്.
അൻപത് ഹെക്ടറോളം സ്ഥലത്താണ് ജൈവകൃഷിക്ക് തുടക്കമായത്. സർക്കാർ നടപ്പിലാക്കിയ ഒരു മുറം പച്ചക്കറി പദ്ധതിയുമായി വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും, വീടുകളിലെ മട്ടുപ്പാവിലും കൃഷി ചെയ്തിട്ടുണ്ട്. കേരളാ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ നൂതന കൃഷിരീതിയായ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് രീതിയിൽ പച്ചക്കറി കൃഷി നടത്തി വൻവിജയം നേടിയ മാതൃകാ കർഷകൻ പവ്വത്തൂർ ശ്രീജിത്ത്, തോട്ടുംപുറം ബാലകൃഷ്ണൻ, ഗീത ആനകുളം,ഫ്രാൻസിസ്,ഏലിശ,റോബർട്ട്,ടി.സുരേന്ദ്രൻ,പ്രഭാകരൻ ചൂടൽ,കെ.ചന്ദ്രൻ ആനക്കുഴി തുടങ്ങി നൂറോളം കർഷകർ നേതൃത്വത്തിനുണ്ട്.
നന്ദിയോട് ജൈവകൃഷി ഗ്രാമം
വേറിട്ട മാതൃകയും പ്രവർത്തനങ്ങളും കൊണ്ട് ജില്ലയിൽ തുടർച്ചയായി ജൈവകൃഷിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. പെരിങ്ങമ്മല,ആനാട്,നന്ദിയോട് പഞ്ചായത്തുകളിലെ കൃഷിരീതിയും മികച്ചതാണ്.
മുറ്റം നിറയെ പച്ചക്കറി
കാബേജ്,കത്തിരി,സ്ട്രോബറി,വഴുതന,ചെറുകിഴങ്ങ്,ചീര,അഗസ്തി ചീര,വെണ്ട,ചേന,കപ്പ,ചോളം എന്നിവയോടൊപ്പം കുറ്റിമുല്ലയും,പലയിനം ഓർക്കിഡുകൾ,സൂര്യകാന്തി,മുല്ല,വിവിധയിനം അലങ്കാര പുഷ്പങ്ങൾ എന്നിവയും ഗ്രാമീണ മേഖലയിലെ കർഷകർ കൃഷി ചെയ്തിട്ടുണ്ട്.
മൈക്രോ ഗ്രീൻസ് പദ്ധതി
മൈക്രോ ഗ്രീൻസ് പദ്ധതിയും ഇവിടെയുള്ള കൃഷിയിടത്തിലുണ്ട്. ഒരു ചെടി മുളച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിളവെടുക്കുന്ന രീതി. മുളപ്പിച്ച വിത്തുകളെക്കാൾ പോഷക സമ്പുഷ്ടമാണ് ഇത്. നീളം കുറഞ്ഞ ചെറിയ തണ്ടും ആദ്യത്തെ തളിരിലയും ചേർന്നതാണ് മൈക്രോ ഗ്രീൻ. ചെടികൾക്ക് നീളം കൂടുതലായാൽ മൈക്രോ ഗ്രീനിന്റെ പോഷണം കുറയും. വൈറ്റമിൻ കെ,സി, മാംഗനീസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരുനേരമെങ്കിലും ഇത് കഴിച്ചാൽ ദഹനപ്രശ്നങ്ങൾക്ക് പരിഹാരമാകും.