വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു
കണ്ണൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ 20 വരെ ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്ക്കാലികമായി നിർത്തിവെച്ചു. സഞ്ചാരികളുടെ സുരക്ഷാ മുൻ നിർത്തി ജില്ലയിലെ ബീച്ചുകളിൽ അടക്കം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ശക്തമായ കടൽ ക്ഷോഭം കാരണം വെള്ളം കേറുന്നതിനാൽ വാഹനങ്ങൾ താഴ്ന്ന് പോകുന്നതുൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ഉള്ള വാഹനങ്ങളുടെ പ്രവേശനം നേരത്തെ നിർത്തിയിട്ടുണ്ട്. കയാക്കിംഗ്, റാഫ്റ്റിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്. നിയന്ത്രണം ലംഘിച്ച് ബീച്ചുകളിൽ അടക്കം പോകുന്നത് അപകടം വിളിച്ചു വരുത്തുമെന്നതിനാൽ മേൽ കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഡി.ടി.പി.സി അറിയിച്ചു. ജില്ലയിൽ റെഡ് അലർട്ട് പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ തുടരും.