കടലേറ്റത്തിൽ വിറച്ച് അജാനൂർ കടപ്പുറം മീനിറക്ക് കേന്ദ്രമടക്കം ഭീഷണിയിൽ
കാഞ്ഞങ്ങാട്: രൂക്ഷമായ കടലാക്രമണത്തിൽ ഭയം വിതച്ച് അജാനൂർ കടപ്പുറം.നൂറുകണക്കിന് മത്സ്യതൊഴിലാളികൾ ജോലി ചെയ്യുന്ന മീനറിക്ക് കേന്ദ്രമടക്കം ഏതുസമയത്തും കടലെടുക്കുമെന്ന സ്ഥിതിയിലാണ് ഇവിടെ. ചിത്താരി പുഴ ഗതിമാറിയൊഴുകി മീനിറക്കുകേന്ദ്രത്തിന്റെ സമീപത്തുകൂടിയാണ് കടലിൽ പതിക്കുന്നതെന്നാണ് ഇവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതിശക്തമായ കടലാക്രമണമാണ് അജാനൂർ കടപ്പുറത്തും വടക്കുമാറിയുള്ള തൃക്കണ്ണാട് കടപ്പുറത്തും നേരിടുന്നത്. അഞ്ഞൂറു മീറ്റർ കടൽഭിത്തി പൂർണമായി തകർന്നു. മീനിറക്കു കേന്ദ്രത്തിലേക്കുള്ള റോഡും കടലെടുത്തു. പഞ്ചായത്ത് റോഡ് സംരക്ഷിക്കാനായി നിർമ്മിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും കടലേറ്റത്തിൽ തകർന്നു. അടിയന്തിരമായ ഇടപെടലുണ്ടായില്ലെങ്കിൽ ഏതുനിമിഷവും മീറ്ററുകളോളം കര കടലിലാകുമെന്നതാണ് ഇവിടുത്തുകാരെ ഭയപ്പെടുത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് ചിത്താരി പുഴ ഗതിമാറി മീനിറക്ക് കേന്ദ്രത്തിന് സമീപത്ത് കൂടി ഒഴുകിയിരുന്നു.അന്ന് മത്സ്യതൊഴിലാളികളുടെ പരിശ്രമത്തിന്റെ ഫലമായി പുഴയുടെ ഒഴുക്ക് പഴയപടിയാക്കി മീനിറക്ക് കേന്ദ്രത്തെ സംരക്ഷിക്കുകയായിരുന്നു.ആയിരക്കണക്കിന് മണൽചാക്കുകൾ നിരത്തിയാണ് അന്ന് പുഴയുടെ ഒഴുക്ക് പഴയപടിയാക്കിയത്.
അടിയന്തിര ഇടപെടലിന് ഇറിഗേഷൻ വകുപ്പ്
അജാനൂർ കടപ്പുറത്തെ മീനിറക്ക് കേന്ദ്രമടക്കം ഭീഷണിയിലായ സാഹചര്യത്തിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തിയേക്കും. നേരത്തെ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റിന് സർക്കാരിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ അടിയന്തിര നടപടി തുടങ്ങാൻ തീരുമാനമായിട്ടുണ്ട്. വീടുകൾക്ക് കേടുപേട് വരാതെ കടലേറ്റം തടയാനുള്ള സംവിധാനം ഒരുക്കാനാണ് വകുപ്പിന്റെ നീക്കം.കടൽഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കാനാണ് നീക്കം.
പുഴയിൽ ജിയോ ട്യൂബ് സ്ഥാപിച്ച് വടക്കുഭാഗത്ത് തുറന്നുവച്ച അഴിമുഖം വഴി പുഴവെള്ളം കടലിലേക്ക് വഴിതിരിച്ചു വിടും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വടക്കുഭാഗത്തായി നേരത്തെ അഴിമുഖം തുറന്നിരുന്നു. പുഴയുടെ ഗതി പൂർവസ്ഥിതിയിലാക്കി മീനിറക്കുകേന്ദ്രത്തെ സുരക്ഷിതമാക്കുന്നതായിരിക്കും ആദ്യ നീക്കം. പിന്നീട് മറ്റു ഭാഗങ്ങളിൽ കൂടി ജിയോ ട്യൂബ് സ്ഥാപിക്കും. കടൽഭിത്തി തകർന്ന് കല്ലുകൾ കൂടിക്കിടക്കുന്ന ഭാഗത്ത് തൽക്കാലം ജിയോ ട്യൂബ് സ്ഥാപിക്കില്ല. കടലേറ്റത്തിൽ തകർന്ന റോഡിന്റെയും ഭീഷണിയിലുള്ള വീടുകളുടെയും ഭാഗത്തായിരിക്കും ആദ്യം ജിയോ ട്യൂബ് ഇടുന്നത്. ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇന്നുതന്നെ ജോലികൾ ആരംഭിക്കുമെന്നാണ് വിവരം.