തൃക്കണ്ണാട് കടലേറ്റം രൂക്ഷം; സംസ്ഥാനപാതയ്ക്ക് സമീപത്തെത്തി
കാസർകോട് :കോട്ടിക്കുളം, തൃക്കണ്ണാട് ഭാഗങ്ങളിൽ കടലേറ്റം അതിരൂക്ഷമായി. മൂന്ന് മീറ്റർ അകലം പിന്നിട്ടാൽ കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാത കടൽ വിഴുങ്ങുമെന്നതാണ് സ്ഥിതി. പ്രക്ഷുബ്ദമായ കടൽ തീരദേശ വാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃക്കണ്ണാട് കടൽത്തീരത്തുള്ള പഴയ കെട്ടിടം പൂർണ്ണമായും തകർന്ന് ക്ഷേത്രത്തിന് മുന്നിലുള്ള ബസ് കാത്തിരുപ്പ് കേന്ദ്രവും ഭീഷണി നേരിടുകയാണിപ്പോൾ.
ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ തെക്കേമൂല തകർച്ചയിലാണ്. ഈ ഭാഗത്ത് സംസ്ഥാനപാതയുടെ അരികിലായി വലിയ മണൽ ഗർത്തംരൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാന പാത തകർന്നാൽ വലിയ ഗതാഗത പ്രതിസന്ധിയുണ്ടാകും. പാതയോട് ചേർന്ന് കയറ്റിവച്ച മത്സ്യത്തൊഴിലാളികളുടെ തോണികളും ഭീഷണി നേരിടുകയാണ്.സ്ഥിതിഗതികൾ അപകടകരമായ രീതിയിലായതിനാൽ ബേക്കൽ ജംഗ്ഷനിൽ പൊലീസ് വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ട്. വലിയ വാഹനങ്ങളെ തച്ചങ്ങാട് വഴിയാണ് തിരിച്ചുവിടുന്നത്.
ക്ഷേത്ര മണ്ഡപവും ഭീഷണിയിൽ
തൃക്കണ്ണാട് കടൽ തീരത്തുള്ള കൊടുങ്ങല്ലൂർ ക്ഷേത്ര മണ്ഡപവും തകർച്ച ഭീഷണിയിലാണ്. ഇതുവരെയുണ്ടായ എല്ലാ കടലാക്രമണങ്ങളിലും തകരാത്തതാണ് ക്ഷേത്രമണ്ഡപം. മണൽ ചാക്കുകൾ നിറച്ചും കരിങ്കല്ലുകൾ പാകിയും ഒരുക്കിയ പ്രതിരോധമെല്ലാം കടലിന് മുന്നിൽ നിഷ്പ്രഭമായി. ഇതുവരെ ഇല്ലാത്ത വിധമാണ് ഇവിടെ കടലാക്രമണം. ആക്രമണം തടയാൻ നേരത്തെയിട്ടിരുന്ന ജിയോബാഗുകൾ തിരകൾ എടുത്തു കഴിഞ്ഞിട്ടുണ്ട്. കോട്ടിക്കുളം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ കൊടുങ്ങലൂർ മണ്ഡപത്തിന്റെ പടിഞ്ഞാറെ അടിഭാഗത്ത് തിരമാലകൾ അടിച്ചുകയറുകയാണ്. മണ്ഡപത്തിന്ന് പടിഞ്ഞാറ് ഭാഗത്തുള്ള ചുമരിന് താഴെഭാഗം തകർന്നു. കുറുംബ ഭഗവതി ക്ഷേത്ര ഭരണസമിതി അടിയന്തര നടപടിയെന്ന നിലയിൽ മണ്ഡപത്തിന് പിന്നിൽ ചെത്ത് കല്ലുകൾ പാകി ഗോപുരത്തെ സംരക്ഷിച്ചു നിർത്തിയിരിക്കുയാണ്.
ഭീതിക്കിടയിലും അപകട പാർക്കിംഗ്
കടലേറ്റം രൂക്ഷമായി തീരദേശവാസികൾ മുഴുവൻ ആശങ്കയിൽ കഴിയുമ്പോഴും തൃക്കണ്ണാട് കടപ്പുറത്ത് സംസ്ഥാന പാതയോട് ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുകയാണ്. കാറുകളും ബൈക്കുകളും ഓട്ടോയും ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങളാണ് മണൽതിട്ടക്ക് മുകളിൽ നിർത്തിയിട്ട് ആളുകൾ പോകുന്നത്. ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് അടുത്തുവരെ എത്തിയ കടൽ ഈ വാഹനങ്ങളെ ഏതുനിമിഷവും വലിച്ചെടുക്കാനുള്ള സാദ്ധ്യതയുണ്ട്.