സോളാർ വൈദ്യുതി വേലികൾ തകരാറിൽ: കാട്ടാനഭീതി ഒഴിയാതെ ആറളം
കണ്ണൂർ: കാട്ടാനയെ പ്രതിരോധിക്കാൻ സ്ഥാപിച്ച സോളാർ വൈദ്യുതി വേലികൾ തകരാറിലായതോടെ ആറളം ജനവാസമേഖലകളിലേക്ക് കാട്ടാനകൾ നിർബാധം ഇറങ്ങിവന്നുതുടങ്ങി.മിക്കയിടത്തും സോളാർ തൂക്കുവേലി പരിചരണമില്ലാതെ പ്രവർത്തനരഹിതമായിരിക്കുകയാണ്. വർഷംതോറും കോടിക്കണക്കിന് രൂപ കാട്ടാന പ്രതിരോധത്തിനായി ചിലവിടേണ്ടിവരുമ്പോഴാണ് ഇത്.
ദീർഘവീക്ഷണത്തോടുകൂടിയുള്ള ഒരു പദ്ധതിയും ഇവിടെ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.അക്രമകാരികളായ കാട്ടാനകളെയെങ്കിലും മയക്കുവെടി വെച്ച് പിടിച്ച് വനംവകുപ്പിന്റെ ആനത്താവളങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആറളം കാർഷിക ഫാമിലും പുനരധിവാസ മേഖലയിലെ ഇടക്കാടുകളിലും രാവുപകലും ഭേദമില്ലാതെയുള്ള കാട്ടാനകളുടെ വരവ് ഇവിടുത്തുകാരുടെ ഉറക്കം കെടുത്തുന്നു. ആറളം പട്ടികവർഗ്ഗ പുനരധിവാസമേഖലയിലെ സ്ഥിതി അതിസങ്കീർണമായി തുടരുകയാണ്. വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം അടക്കം നിരവധി ഫോഴ്സുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാട്ടാനശല്യത്തിന് ഒരറുതിയും ഇതുവരെ ഉണ്ടായിട്ടില്ല. കാർഷികവിളകൾ നശിപ്പിക്കുന്നതും നിത്യസംഭവമാണ്. ഫാമിൽ തന്നെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് ഇതിനകം നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കാട്ടാനകൾ ഒരുഭാഗത്ത് ഭീതി പരത്തുമ്പോൾ മറുവശത്ത് കുരങ്ങുകൾ ഉൾപ്പെടെയുള്ള മൃഗങ്ങളും വെല്ലുവിളിയാവുകയാണ്.
ആനകൾ ജനവാസ മേഖലയിലേക്ക് തിരികെ
ഇതിനകം 18 മനുഷ്യ ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇവിടെ പൊലിഞ്ഞിട്ടുള്ളത്. അതിലുമധികമാണ് പരിക്കുപറ്റിയവരുടെ എണ്ണം.കാട്ടിലേക്ക് കയറി എന്ന് പറയപ്പെടുന്ന ആനകളെല്ലാം തിരിച്ച് ജനവാസ മേഖലയിലെത്തി തമ്പടിക്കുകയാണിപ്പോൾ. ഇത് കാരണം വനംവകുപ്പ് ജീവനക്കാരും നിസാഹയവസ്ഥയിലാണ്. ആനമതിൽ നിർമ്മാണം എങ്ങുമെത്താതെ നിയമ പോരാട്ടങ്ങളിൽപെട്ട് നിലച്ചത് പുനരധിവാസ മേഖലയെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
കാട്ടാനകളുടെ ശല്യം മൂലം മരണം 18