ഐസർ ബിരുദദാന സമ്മേളനം നാളെ

Friday 18 July 2025 1:10 AM IST

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഐസർ) 13ാമത് ബിരുദദാന സമ്മേളനം നാളെ രാവിലെ 10ന് വിതുരയിലുള്ള ക്യാമ്പസിൽ നടക്കും. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ഡോ.കൃഷ്ണ എം.എല്ല ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പഠനം പൂർത്തിയാക്കിയ 258 ബി.എസ്.എം.എസ് വിദ്യാർത്ഥികൾക്കും 26 പിഎച്ച്.ഡി വിദ്യാർത്ഥികൾക്കും 15 ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി വിദ്യാർത്ഥികൾക്കും 15 എം.എസ് (ഗവേഷണ) വിദ്യാർത്ഥികൾക്കും 76 എംഎസ്.സി വിദ്യാർത്ഥികൾക്കും സെനറ്റ് ചെയർപേഴ്സണും ഡയറക്ടറുമായ പ്രൊഫ.ജെ.എൻ.മൂർത്തി ബിരുദങ്ങൾ നൽകും. ബി.എസ്.എം.എസ് ഇന്റഗ്രേറ്റഡ്,ഇന്റർ ഡിസിപ്ലിനറി സയൻസസ് പ്രോഗ്രാമിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ ബിരുദദാനവും സമ്മേളനത്തിൽ നടക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഗവർണേഴ്സ് ബോർഡ് ചെയർപേഴ്സൺ പ്രൊഫ.അരവിന്ദ് എ.നാട്ടു നൽകും.