റേക്ക് എത്തി, മെമുവിൽ ബോഗികൾ കൂടും
ആലപ്പുഴ: ആലപ്പുഴ വഴി സർവീസ് നടത്തുന്ന മെമുട്രെയിനുകളിലെ ബോഗികളുടെ എണ്ണം കൂട്ടാനായി റെയിൽവേ ബോർഡ് അനുവദിച്ച 12 കോച്ചുകളുള്ള റേക്ക് കൊല്ലം മെമു ഷെഡ്ഡിലെത്തി. കപൂർത്തല റെയിൽവേ കോച്ച്ഫാക്ടറിയിൽ നിർമ്മിച്ച റേക്കുകളാണ് കഴിഞ്ഞദിവസം താംബരത്തുനിന്ന് കമ്മീഷനിംഗ് നടപടികൾ പൂർത്തിയാക്കി കൊല്ലത്തെത്തിച്ചത്. രാവിലെ 7.25നുള്ള യാത്രക്കാർ തിങ്ങിനിറഞ്ഞു പോകുന്ന ആലപ്പുഴ - എറണാകുളം മെമുവിൽ ഉൾപ്പെടെ തീരദേശ പാതയിൽ ആളുകൾ അനുഭവിക്കുന്ന അനിയന്ത്രിതമായ തിരക്കിന് കോച്ച് വർദ്ധനയിലൂടെ പരിഹാരമാകും. കെ.സി.വേണുഗോപാൽ എം.പിയുടെ നിരവധി മാസങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് തീരദേശ യാത്രക്കാർക്ക് അനുകൂലമായ നടപടി റെയിൽവേയിൽ നിന്നുണ്ടായത്.
തീരദേശ പാത വഴി സഞ്ചരിക്കുന്ന 3 മെമു ട്രെയിനുകളിൽ 4 കോച്ചുകൾ വീതം ഉൾപ്പെടുത്താനാണ് തീരുമാനം. ഇതോടെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 12ൽ നിന്ന് 16 ആയി ഉയരും. ദിവസങ്ങൾക്കുള്ളിൽ സാങ്കേതികമായ ക്രമീകരണങ്ങൾ കൂടി പൂർത്തീകരിച്ച ശേഷം 3 മെമു ട്രെയിനുകളിലും 16 കോച്ചുകൾ വീതമാക്കി വർദ്ധിപ്പിക്കുമെന്നും റെയിൽവെ അറിയിച്ചു.