വിലക്കുതിപ്പിൽ രാസവളം, ആശങ്കയിൽ കർഷകർ

Friday 18 July 2025 1:35 AM IST

കൊച്ചി: കുട്ടനാടൻ മേഖലകളിലടക്കം വരുംമാസങ്ങളിൽ കൃഷിയാരംഭിക്കാനിരിക്കെ രാസവളത്തിന്റെ വിലയിലുണ്ടായ വർദ്ധനവ് കർഷകരെ ആശങ്കയിലാക്കുന്നു. കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെയാണ് രാസവളത്തിന്റെ വില പിടിവിട്ട് ഉയർന്നത്. ഫോസ്‌ഫറസ് അടക്കമുള്ളവയുടെ ഇറക്കുമതി ഇല്ലാതായതോടെ പ്രതിസന്ധി ഇരട്ടിച്ചു. ഒരു ചാക്കിന് 100- 300 രൂപ വരെയാണ് വളത്തിന് വില വർദ്ധിച്ചത്.

പ്രകൃതിദുരന്തങ്ങളിലുണ്ടാകുന്ന നഷ്ടവും സംഭരിച്ച നെല്ലിന്റെ വില ലഭിക്കുന്നതിലടക്കമുള്ള താമസവും പ്രതിസന്ധിയിലാക്കിയ കർഷകരെ വീണ്ടും കടക്കെണിയിലാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.

രാസവളത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. സബ്സിഡി കുത്തനെയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. സർക്കാരിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. വില വർദ്ധനവിനെത്തുടർന്ന് നെൽകർഷകർക്കും പച്ചക്കറി കൃഷി ചെയ്യുന്നവ‌ർക്കും പതിനായിരത്തോളം രൂപ രാസവള ഇനത്തിൽ അധികമായി ചെലവ് വരുമെന്നാണ് ഏകദേശകണക്ക്.

ചൈന ഫോസ്ഫറസ് ഇറക്കുമതി നിറുത്തിയത് ഇരുട്ടടിയായി

1. ചൈനയിൽ ഇ.വി വാഹനങ്ങളുടെ ഉപയോഗം കൂടിയതോടെ ഫോസ്ഫറസ് കയറ്റുമതി നിറുത്തി. ഇത് ഇന്ത്യയിലെ വളംനിർമ്മാണത്തെ ബാധിച്ചു. ഇതിനിടെ യുദ്ധം മൂലം പൊട്ടാഷിന്റെ വിലയും കൂടി.

2. കേന്ദ്രസർക്കാർ 2023-24 സാമ്പത്തികവർഷം ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾക്ക് ന്യൂട്രിയന്റ് സബ്‌സിഡിയായി 65,199.586 കോടി രൂപ നൽകിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 52,310 കോടിയായും ഇത്തവണ 49,000 കോടിയായും കുറച്ചു.

വില വർദ്ധനവ്

 1535 രൂപയായിരുന്ന 50 കിലോഗ്രാം ചാക്കിന് ഇപ്പോൾ 1800 രൂപ

 ചില്ലറയായി വാങ്ങുകയാണെങ്കിൽ വീണ്ടും വർദ്ധിക്കും

 പൊട്ടാഷും നൈട്രജനും ഫോസ്ഫറസും ചേർന്ന കൂട്ടുവളങ്ങൾക്കും വില കൂടി

 കൂട്ടുവളമായ 18:09:18ന് 1,210ൽ നിന്ന് 1,300 ആയി

 ഫാക്ടംഫോസിന് 1,200ൽ നിന്ന് 1,425 രൂപ ആയി

 ഇഫ്‌കോ 20:20:0:13ന് 1,300 ൽ നിന്ന് 1,350 ആയി

 16:16:16ന് 1375 ആയിരുന്നത് 1450 ആയി വ‌ദ്ധിച്ചു.

ഒരു ചാക്കിന് വില കൂടിയത്

₹100 - 300

ഈ മാസം ഇനിയും വിലകൂടാൻ സാദ്ധ്യതയുണ്ട്. സബ്സിഡി കുറയ്ക്കുന്നതും വളങ്ങൾ ലഭ്യമല്ലാത്തതും കർഷകരെ വലയ്ക്കും

-സി.എസ്. രാധാകൃഷ്ണൻ,സംസ്ഥാന ട്രഷറർ

കേരള ഫെർട്ടിലൈസർ മിക്സ്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കാലവർഷത്തിലെ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന സമയത്താണ് കർഷകർക്ക് രാസവള വിലവർദ്ധനവ് ഇരുട്ടടിയാകുന്നത്. ഇതിനെതിരെ തുടർ സമരങ്ങളുണ്ടാകും

-ആർ. അനിൽകുമാർ,സംസ്ഥാന സെക്രട്ടറി, ബി.കെ.എം.യു