കോടതിപ്പാലം നവീകരണം: ട്രയൽ റൺ 22 മുതൽ

Friday 18 July 2025 1:36 AM IST

ആലപ്പുഴ : കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി നഗരത്തിൽ നടപ്പാക്കാൻ പോകുന്ന ഗതാഗത പരിഷ്കരണത്തിന്റെ ട്രയൽ റൺ 22, 23 തീയതികളിൽ നടക്കും. കോടതിപ്പാലത്തിന്റെ തെക്കുവശം കനാൽക്കരയിലെ റോഡ് അടയ്ക്കുന്നതിന്റെ മുന്നോടിയായാണ് രണ്ട് ദിവസം നീളുന്ന ട്രയൽ റണ്ണിന് പൊലീസും കെ.ആർ.എഫ്.ബിയും തീരുമാനമെടുത്തത്. ട്രയൽ റണ്ണിന് ശേഷം ഔട്ട്പോസ്റ്റ്, വൈ.എം.സി.എ എന്നിവിടങ്ങളിൽ റോഡ് അടച്ചശേഷം ഗതാഗതം പിച്ചു അയ്യർ, മുല്ലയ്ക്കൽ, പഴവങ്ങാടി, ഔട്ട് പോസ്റ്റ്, കെ.എസ്.ആർ.ടി.സി , ചുങ്കം, കല്ലുപാലം, ഇരുമ്പ് പാലം, വൈ.എം.സി.എ വഴിയാണ് വഴി തിരിക്കുന്നത്. മുഹമ്മ റൂട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ കൈചൂണ്ടി ജംഗ്ഷനിൽ തിരിഞ്ഞ് കനാൽക്കര വഴി വൈ.എം.സി.എ യിലെത്തിയാണ് നഗരത്തിൽ പ്രവേശിക്കേണ്ടത്. തെക്കേക്കരയിലെ റോഡ് അടയ്ക്കുന്നതിന് പിന്നാലെ കോടതിപ്പാലം പൊളിക്കാനുള്ള നടപടികളും ആരംഭിക്കും. സിവിൽ സ്റ്റേഷൻ, പുന്നമട ഭാഗത്തേക്കുളള വാഹനങ്ങൾ ഔട്ട് പോസ്റ്റ് ഭാഗത്തെ താൽക്കാലിക പാലത്തിലൂടെ കടത്തിവിടും.

ട്രാഫിക് വാർഡൻ നിയമനം ഒന്നുമായില്ല

 ട്രയൽ റൺ പൂർത്തീകരിക്കുന്നതിനൊപ്പം കടകൾ പൊളിച്ചുനീക്കുന്നതിന്റെ അവശിഷ്ടങ്ങളും നീക്കണം

 കടകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മൂന്നുദിവസത്തെ സാവകാശം കരാറുകാർ തേടിയിട്ടുണ്ട്

 കടകളുടെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇവിടുത്തെ മരങ്ങൾ മുറിച്ചുനീക്കുന്ന നടപടികൾ ആരംഭിക്കുമെന്ന് റോഡ് ഫണ്ട് ബോർഡ്

 ട്രയൽ റണ്ണിന് തീരുമാനമെടുത്തെങ്കിലും ട്രാഫിക് വാർഡൻമാരുടെ നിയമനമുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല

 ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാകൂവെന്ന് റോഡ് ഫണ്ട് ബോർഡ്