ഗാർബേജ് ഫ്രീ സിറ്റിയായി തൃശൂർ

Friday 18 July 2025 12:02 AM IST

തൃശൂർ: മാലിന്യ സംസ്‌കരണ രംഗത്ത് ഗാർബേജ് ഫ്രീ സിറ്റി പദവിയിലേക്ക് സ്റ്റാർ റേറ്റിംഗോടെ തൃശൂർ കോർപറേഷൻ. പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് ഒഴിവാക്കുക, വീടുകളിലെ മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിക്കുക, ശേഖരിച്ചവ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുക തുടങ്ങിയ കോർപറേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.

ഡൽഹി വിജ്ഞാനഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പ്രഖ്യാപിച്ചത്. കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായാണിത്. രാജ്യത്തെ ഗ്രാമങ്ങളെയും നഗരങ്ങളെയും ശുചിത്വപൂർണമാക്കുക, തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വച്ഛ് ഭാരത് അഭിയാന് കീഴിൽ കേന്ദ്ര നഗര വികസന മന്ത്രാലയം സ്വച്ഛ് സർവേക്‌ഷൻ സർവേക്ക് തുടക്കമിട്ടത്. നാലായിരത്തോളം നഗരങ്ങളിലായി നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ സർവേയാണിത്.

ദേശീയ റാങ്കിംഗിൽ കഴിഞ്ഞ വർഷം 333-ാം സ്ഥാനത്തായിരുന്ന തൃശൂർ കോർപറേഷൻ ഇത്തവണ 58-ാം സ്ഥാനത്താണ്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഭാഗമായാണ് ഗാർബേജ് ഫ്രീ സിറ്റി പദവി ലഭിച്ചത്.

- എം.കെ. വർഗീസ്, മേയർ