കുചേലനായി മഞ്ജു വാര്യരുടെ അമ്മ അരങ്ങിൽ
Friday 18 July 2025 12:03 AM IST
ഗുരുവായൂർ: ഗുരുവായൂരപ്പന് മുന്നിൽ കുചേലനായി ഗിരിജ വാര്യർ. കർക്കടക സംക്രമ ദിനമയ ഇന്നലെ രാത്രി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ കുചേലവൃത്തം കഥകളിയിലാണ് നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യർ കുചേലനായി കളിവിളക്കിന് മുന്നിലെത്തിയത്. ഗിരിജ വാര്യരുടെ വഴിപാടായാണ് കഥകളി അരങ്ങേറിയത്. കുചേലനായി അരങ്ങിലെത്തിയ ഗിരിജ വാര്യർക്കൊപ്പം രുക്മിണിയായി സർവതോഭദ്രം ആര്യയും ശ്രീകൃഷ്ണനായി കലാനിലയം ഗോപിയും അരങ്ങിലെത്തി. കലാനിലയം രാജീവൻ നമ്പൂതിരി, ഹരിശങ്കർ കണ്ണമംഗലം എന്നിവർ കഥകളി പദങ്ങൾ ആലപിച്ചു. കലാനിലയം ദീപക് ചെണ്ടയിലും കലാനിലയം പ്രകാശൻ മദ്ദളത്തിലും താളമൊരുക്കി. കലാനിലയം പ്രശാന്ത് (ചുട്ടി), കലാമണ്ഡലം മനേഷ് പണിക്കർ, നാരായണൻകുട്ടി (അണിയറ), രംഗഭൂഷ, ഇരിഞ്ഞാലക്കുട (ചമയം) എന്നിവർ അണിയറയിലും പ്രവർത്തിച്ചു.