എം.ഡി.എം.എ കടത്ത്; ലഹരി വന്ന വഴി തേടി പൊലീസ്
പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി വിശദ അന്വേഷണം
കല്ലമ്പലം: ഈന്തപ്പഴത്തിന്റെ പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽ നിന്ന് ഒന്നേകാൽ കിലോ എം.ഡി.എം.എ കടത്തിയ കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി സഞ്ജു (സൈജു) ഉൾപ്പെടെ നാലുപ്രതികളെയും വിശദമായി ചോദ്യം ചെയ്യാൻ കല്ലമ്പലം പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി.
രണ്ടാഴ്‌ചത്തേക്കാണ് കസ്റ്റഡി കാലാവധി. വർക്കല ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. വിദേശബന്ധം സംബന്ധിച്ചും നാട്ടിൽ വിനോദ സഞ്ചാരമേഖല കേന്ദ്രീകരിച്ചുള്ള പ്രതിയുടെ ബന്ധങ്ങളെക്കുറിച്ചും വിശദമായി ചോദ്യം ചെയ്യും. വിവിധ സ്ഥലങ്ങളിൽ ഇവരെയെത്തിച്ച് തെളിവെടുക്കും. പ്രതിയുടെ സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ സ്വത്ത് കണ്ടുകെട്ടാനും നടപടിയുണ്ടാകും. ഇയാളുടെ പേരിലുള്ള കേസുകൾ,മറ്റ് പ്രതികൾക്ക് സംഭവവുമായുള്ള ബന്ധം എന്നിവയും പരിശോധിക്കും.
നർകോട്ടിക് സെൽ സഹായം
കേസ് ഗുരുതരമായതിനാൽ വിശദമായ അന്വേഷണത്തിന് നർകോട്ടിക് സെല്ലിന്റെ സഹായം തേടാനും സാദ്ധ്യതയുണ്ട്. ചില നടന്മാർക്കൊപ്പം പ്രതിയെടുത്ത സെൽഫികൾ മൊബൈലിൽ കണ്ടെത്തിയതിനെക്കുറിച്ച് വ്യക്തത വരുത്തും. വിദേശത്ത് നിന്ന് മടങ്ങുമ്പോൾ പ്രതിയുടെ ലഗേജ് കാട്ടാക്കട സ്വദേശിയുടെ പേരിൽ കൊടുത്തുവിടാനുള്ള കാരണം അറിയേണ്ടതുണ്ട്. വിദേശത്ത് എവിടെ നിന്നാണ് എം.ഡി.എം.എ ലഭിച്ചത്, ആർക്കുവേണ്ടിയാണ് നാട്ടിൽ കൊണ്ടുവന്നത് എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങളും പൊലീസിന് ലഭിക്കുന്നതോടെ ലഹരി മാഫിയാ സംഘത്തിന്റെ കഥ പുറത്തുവരുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിൽ നിന്ന് ലഹരിയും മദ്യക്കുപ്പിയും കടത്താനുള്ള സഹായി ആരാണെന്നും പൊലീസിന് സൈജുവിൽ നിന്ന് അറിയണം. സിനിമാ മേഖലയുമായുള്ള പ്രതിയുടെ ബന്ധം അന്വേഷിക്കാൻ കൊച്ചി കേന്ദ്രമാക്കിയുള്ള അന്വേഷണ സംഘത്തിന്റെ സഹായം തേടിയേക്കും. വിതരണ ശൃംഖല കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.