തീരുമാനങ്ങൾ നടപ്പാക്കിയില്ല, സ്‌കൂൾ പാചകതൊഴിലാളികൾ സമരപാതയിലേക്ക്

Friday 18 July 2025 12:11 AM IST

തൃശൂർ: സ്‌കൂൾ പാചക തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച്

സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ സമരപാതയിലേക്ക്. 27ന് തൃശൂരിൽ ചേരുന്ന യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്‌കരിക്കാനാണ് ഒരുക്കം. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേ നിരാശജനകമായ പ്രസ്താവനയാണ് വിദ്യാഭ്യാസ - തൊഴിൽ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് നേതാക്കൾ പറഞ്ഞു.

സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) കഴിഞ്ഞ ഏപ്രിൽ 22 മുതൽ 26 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ അതിജീവന രാപ്പകൽ സമരത്തെത്തുടർന്ന് ഏപ്രിൽ 29ന് വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യൂണിയൻ പ്രതിനിധികളുമായുള്ള യോഗത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു.

എല്ലാം പാഴ്‌വാക്കായി

യഥാസമയം വേതനം നൽകുന്നത് ഉൾപ്പെടെ, യോഗതീരുമാനങ്ങളിൽ ഒന്നുപോലും നടപ്പിലാക്കുകയോ തുടർചർച്ചയ്ക്ക് തയ്യാറാവുകയോ ചെയ്യാതെ,'പ്രശ്‌നങ്ങൾ പഠിക്കാൻ' കമ്മിറ്റിയെ നിയോഗിക്കുമെന്ന മന്ത്രിയുടെ ഏകപക്ഷീയമായ പതിവ് പ്രഖ്യാപനം സ്‌കൂൾ പാചക തൊഴിലാളികളോടുള്ള വെല്ലുവിളിയും സാമാന്യ മര്യാദയുടെ ലംഘനവുമാണെന്നാണ് യൂണിയൻ ആരോപണം. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ മെനു ആകർഷകമായിരുന്നെങ്കിലും വിദ്യാർത്ഥികൾക്ക് ആനുപാതികമായി പാചകത്തൊഴിലാളികളില്ലാത്തത് തിരിച്ചടിയാണെന്നും യൂണിയൻ നേരത്തെ അറിയിച്ചിരുന്നു.

യോഗതീരുമാനങ്ങൾ:

1. പുതിയ അദ്ധ്യയന വർഷം മുതൽ എല്ലാ മാസവും അഞ്ചാം തീയതിക്കകം തൊഴിലാളികളുടെ വേതനം കൃത്യമായി നൽകും

2. മിനിമം വേതന പരിധിയിൽ നിന്നും പാചക തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കും

3. ഇരുന്നൂറ്റിയമ്പത് കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന അനുപാതം നടപ്പിലാക്കും

4. തൊഴിലാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ്, യൂണിഫോം, ഏപ്രൻ, ഐഡന്റിറ്റി കാർഡ് എന്നിവ ഏർപ്പെടുത്തും

5. വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ ജൂൺ മാസത്തിൽ തുടർചർച്ച നടത്തും

പ്രശ്‌നപരിഹാരത്തിന് പകരം 'പ്രശ്‌നങ്ങൾ പഠിക്കാൻ' കമ്മിറ്റിയെ നിയോഗിക്കാൻ ഉദ്ദേശിക്കുന്നുവെന്ന വിദ്യാഭ്യാസതൊഴിൽ മന്ത്രിയുടെ ഏകപക്ഷീയമായ പ്രസ്താവന തൊഴിലാളി വഞ്ചനയാണ്.

- പി.ജി. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി, സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)