ദുരൂഹത ഒഴിയാതെ 14 കാരന്റെ മരണം
കുടുംബ പ്രശ്നങ്ങളെന്ന് സംശയം
പോത്തൻകോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ചേങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ 16-ാം നിലയിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മരണത്തിന് കാരണമെന്തെന്ന് പൊലീസ് അന്വേഷണത്തിലും വ്യക്തമായില്ല. പഠിച്ച സ്കൂളിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണോ പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സിനിമയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ സംഭവത്തിന്റെ തലേദിവസം സംസാരമുണ്ടായതായി വിവരമുണ്ട്. കാര്യവട്ടം പുല്ലാന്നിവിള കുരിശടി മൂന്നുമുക്കിൽ അഞ്ജന ഗാർഡൻസ് ലെയ്‌നിൽ പ്രമോദ് വിജയന്റെയും റെനിയുടെയും ഏകമകൻ പ്രണവാണ് (14) കഴിഞ്ഞ ദിവസം ഫ്ലാറ്റിന്റെ 16-ാം നിലയിൽ നിന്ന് വീണുമരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.കാനഡയിൽ നിന്ന് മുത്തച്ഛനും മുത്തശ്ശിയും എത്തിയശേഷം സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.