ആദ്യ പരീക്ഷണം 15,000 അടി ഉയരത്തിൽ: ഇരട്ടലക്ഷ്യങ്ങൾ തകർത്ത് ആകാശ്

Friday 18 July 2025 1:50 AM IST

ന്യൂഡൽഹി: ആകാശ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയം. ബുധനാഴ്ച ലഡാക്കിലായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ വിക്ഷേപണം. 15,000 അടി ഉയരത്തിലെ ആദ്യ പരീക്ഷണത്തിൽ ഇരട്ടലക്ഷ്യങ്ങൾ തകർത്തു.

ഓപ്പറേഷൻ സിന്ദൂറിൽ തിളങ്ങിയ മാർക്ക് 1, മാർക്ക് - 1എസ് മിസൈലുകളുടെ പുതിയ വകഭേദമാണ് രണ്ട് അതിവേഗ ആളില്ലാ ആകാശ ലക്ഷ്യങ്ങളെ നശിപ്പിച്ച ആകാശ് പ്രൈം. വൈകാതെ ആകാശ് പ്രൈമും സേനയുടെ ഭാഗമാകും.

ലക്ഷ്യങ്ങളെ പിന്തുടരാൻ സഹായിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേഡിയോ ഫ്രീക്വൻസി സീക്കറാണ് പ്രൈമിന്റെ പ്രത്യേകത. 20 കിലോമീറ്റർ ദൂരപരിധിയുള്ള ആകാശ ഭീഷണികളെ ചെറുക്കാൻ സേനയ്‌ക്ക് ഇത് തുണയാകും.

ഒരു ലോഞ്ചർ, മൂന്ന് മിസൈൽ

 സൗകര്യപ്രദമായി വിന്യസിക്കാൻ മൊബൈൽ പ്ലാറ്റ്‌ഫോം

 ഒരു ലോഞ്ചറിൽ മൂന്ന് മിസൈലുകൾ

 മിസൈലുകൾക്ക് 20 അടി നീളവും 710 കിലോഗ്രാം ഭാരവും

 60 കിലോഗ്രാം പോർമുന വഹിക്കും

 ഏതു കാലാവസ്ഥയിലും പ്രവർത്തിക്കും

 താണു പറക്കുന്ന ഡ്രോണുകൾ പോലുള്ള ശത്രുവിനെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ഓട്ടോമാറ്റിക് പ്രവർത്തനം