18 ലക്ഷം വിലയുള്ള 21 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ
കൊല്ലം: നഗരത്തിൽ ഒരാഴ്ചക്കുള്ളിൽ നടന്ന രണ്ടാമത്തെ വൻ ലഹരി വേട്ടയിൽ 18 ലക്ഷം രൂപ വരുന്ന 21 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ജാർഖണ്ഡിലെ ഗോട്ട സ്വദേശി മുഹമ്മദ് ഷാജഹാൻ അൻസാരി (26), ഒഡീഷയിലെ ഗജപത് സ്വദേശി ഭക്തിസിംഗ് (34) എന്നിവരെയാണ് പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
തീരദേശ മേഖലയിൽ വിൽക്കാൻ പള്ളിത്തോട്ടത്തെ രണ്ട് യുവാക്കൾക്കായി വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് കൊല്ലം സബ് ഡിവിഷൻ ഡാൻസാഫ് ടീമും പള്ളിത്തോട്ടം പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ടാഴ്ച മുൻപ് കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം സ്റ്റേഷൻ പരിധികളിൽ നിന്ന് ചെറിയ പൊതികളിൽ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊല്ലത്തെ ഇടനില കച്ചവടക്കാരെപ്പറ്റി വിവരം ലഭിച്ചത്. കഞ്ചാവ് ഒഡീഷയിലെ കഞ്ചാവ് തോട്ടത്തിൽ നിന്ന് നേരിട്ട് വാങ്ങിയതാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പള്ളിത്തോട്ടം സ്റ്റേഷൻ പരിധിയിലെ യുവാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് ട്രെയിനിൽ കൊണ്ടുവന്നതാണെന്നും ഇവർ മൊഴി നൽകി.
10.5 കിലോ വീതം രണ്ട് പൊതികളായി ഓരോ ബാഗിലാണ് കൊണ്ടുവന്നത്. പള്ളിത്തോട്ടം സബ്ഇൻസ്പെക്ടർ സ്വാതി, സവി രാജൻ, രാജീവ്, ജി.എ.എസ്.ഐ സുനിൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.