പി.സി.ജോർജിനും അജി കൃഷ്ണനും എതിരെ ജാമ്യമില്ലാ കേസ്

Friday 18 July 2025 1:05 AM IST

തൊടുപുഴ: മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ പി.സി.ജോർജിനും എച്ച്.ആർ.ഡി.എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മതവികാരങ്ങളെ പ്രകോപിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ബോധപൂർവം അവഹേളിച്ചതിനാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. പി.സി.ജോർജ് ഒന്നും അജി കൃഷ്ണൻ രണ്ടാം പ്രതിയുമാണ്. ഒരു മതവിശ്വാസത്തെ അപമാനിച്ച് മതവികാരം ആളിക്കത്തിക്കാൻ ശ്രമിച്ചതായി എ.എഫ്.ഐ.ആറിൽ പറയുന്നു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോർജിന്റെ പ്രസംഗം. കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ടി.അനീഷ് കാട്ടാക്കട മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നാലെ കോടതിയെ സമീപിച്ചു. ബുധനാഴ്ച കേസ് പരിഗണിച്ച തൊടുപുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.