ആദിവാസി സ്ത്രീകൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യ അവകാശം: സുപ്രീംകോടതി

Friday 18 July 2025 12:30 AM IST

ന്യൂഡൽഹി: പട്ടികവർഗ വിഭാഗത്തിലുൾപ്പെടുന്ന ആദിവാസി സ്ത്രീകൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യ അവകാശം ഉറപ്പിച്ചു നൽകി സുപ്രീംകോടതി. ആദിവാസി സ്ത്രീകളെ അനന്തരാവകാശത്തിൽ നിന്ന് ഒഴിവാക്കുന്നത് യുക്തിരഹിതവും വിവേചനപരവുമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ,ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെ‌ഞ്ച് വ്യക്തമാക്കി. ഛത്തീസ്ഗഢിലെ ആദിവാസി ഗോത്ര വിഭാഗത്തിലെ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട കേസിലാണിത്. പാരമ്പര്യ സ്വത്തിൽ അവകാശം നിഷേധിക്കുന്നത് ലിംഗവിവേചനം വർദ്ധിപ്പിക്കുകയേ ഉള്ളൂ. നിയമത്തിലൂടെ ഈ വിവേചനം അവസാനിപ്പിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.

നീതിയും സമത്വവും

ഉറപ്പാക്കാൻ

പട്ടികവർഗ വിഭാഗത്തെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടില്ല. അതിനാൽ ഈ കേസിൽ പിതാവിന്റെ സ്വത്തിൽ നിയമപരമായി അവകാശമുന്നയിക്കാൻ മകൾക്ക് സാധിക്കുന്നില്ല. ഭരണഘടന ഉറപ്പുനൽകുന്ന സമത്വം തുടങ്ങിയ മൗലികാവകാശങ്ങളെ സംബന്ധിച്ച് ചോദ്യങ്ങളുയ‌ർന്ന വിഷയമാണ്. ഈ കാലഘട്ടത്തിലും കോടതിക്ക് ഇടപെടേണ്ട സാഹചര്യമാണ്. നീതിയും ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും ഉറപ്പാക്കാൻ ഇടപെടുകയാണെന്നും കോടതി പറഞ്ഞു. ഭരണഘടന നിലവിൽ വന്ന് 75 വർഷം കഴിഞ്ഞിട്ടും ആദിവാസി - ഗോത്ര പട്ടികവർഗ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശമില്ലാത്ത സാഹചര്യം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടികവർഗ ഇതര വിഭാഗങ്ങളിലെ സ്ത്രീകൾക്ക് പിതാവിന്റെ സ്വത്തിൽ മകനൊപ്പം തുല്യഅവകാശം ലഭിക്കുമ്പോൾ,​ പട്ടികവർഗക്കാരായ പെൺമക്കൾക്ക് ഈ അവകാശം നിഷേധിക്കുന്നത് സമത്വമെന്ന മൗലികാവകാശത്തിന് എതിരാണന്നും നിരീക്ഷിച്ചു.