രജനിയുമായി സന്തോഷം പങ്കിട്ട് കമലഹാസൻ
ചെന്നൈ: രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ ഡൽഹിയിലേക്കു പോകുന്നതിനു മുമ്പ് കമലഹാസൻ തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ രജനീകാന്തിനെ ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിലെത്ത് സന്ദർശിച്ചു. പൂച്ചെണ്ട് നൽകിയാണ് രജനി കമലിനെ സ്വീകരിച്ചത്. പുതിയ പദവിയിൽ കമലിന് തിളങ്ങാൻ കഴിയുമെന്ന് രജനികാന്ത് പറഞ്ഞു. കൂടിക്കാഴ്ചയുടെ ഫോട്ടോ രണ്ടു പേരും സമൂഹ മാദ്ധ്യമ പേജുകളിൽ പങ്കുവച്ചു.
'എന്റെ പുതിയ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഞാൻ എന്റെ സുഹൃത്ത് രജനീകാന്തുമായി എന്റെ സന്തോഷം പങ്കിട്ടു. ഞാൻ സന്തോഷവാനും ആഹ്ലാദഭരിതനുമാണ്' എന്നാണ് കമൽഹാസൻ എക്സിൽ കുറിച്ചത്. 'രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന എന്റെ പ്രിയ സുഹൃത്ത് കമലഹാസന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ' എന്നായിരുന്നു രജനിയുടെ കുറിപ്പ്. 25നാണ് കമലഹാസന്റെ സത്യപ്രതിജ്ഞ. ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ ജൂണിൽ കമൽഹാസൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.