സൈന്യത്തിന് കൂടുതൽ എ.കെ 203 റൈഫിളുകൾ
ന്യൂഡൽഹി: റഷ്യൻ സഹായത്തോടെ നിർമ്മിച്ച 7,000 അത്യാധുനിക എ.കെ 203 തോക്കുകൾ കൂടി മൂന്ന് മാസത്തിനുള്ളിൽ സേനയ്‌ക്ക് കൈമാറും. 18 മാസത്തിനുള്ളിൽ 48,000 തോക്കുകൾ കൈമാറി. 2026ൽ ഒരു ലക്ഷം യൂണിറ്റുകൾ കൂടി വിതരണം ചെയ്യും. ആറു ലക്ഷം എ.കെ 203 തോക്കുകൾക്കുള്ള 5,124 കോടിയുടെ പദ്ധതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു.
ഇതിൽ ഒരു ലക്ഷം തോക്കുകൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഉത്തർപ്രദേശിലെ അമേഠിയിലെ കോർവ ഓർഡ‌്നൻസ് ഫാക്‌ടറിയിൽ നിർമ്മിക്കുന്ന അഞ്ച് ലക്ഷം തോക്കുകൾ പൂർണമായും 'മേക്ക് ഇൻ ഇന്ത്യ" ആയിരിക്കും. ഇവ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
പ്രത്യേകത
എ.കെ-47ന്റെ പരിഷ്‌കൃത മോഡൽ
റേഞ്ച്: 400മീറ്റർ (കൃത്യമായി ലക്ഷ്യത്തിലെത്തും), ഒരു മാഗസിനിൽ 30 തിരകൾ
ഒരു മിനിട്ടിൽ 600 തിരകൾ പായിക്കാം (സെക്കൻഡിൽ 10 തിരകൾ വീതം)
7.62 എം.എം വലിപ്പമുള്ള തിരകൾ
ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് സൗകര്യം
ഭാരം: 3.8 കിലോഗ്രാം
ലക്ഷ്യം കൃത്യമായി കാണാം,കൈയിൽ ഉറപ്പിച്ച് പിടിക്കാനുള്ള ഗ്രിപ്പ്
ഗ്രനേഡ് ലോഞ്ചർ,സൈലൻസർ എന്നിവ ഘടിപ്പിക്കാനും സൗകര്യം
ഏത് കാലാവസ്ഥയിലും പ്രവർത്തിക്കും
നിർമ്മാണം: ഓർഡിനൻസ് ഫാക്ടറി ബോർഡും റഷ്യൻ കയറ്റുമതി ഏജൻസി റോസോബോറോൺ എക്‌സ്‌പോർട്ടും റഷ്യൻ കമ്പനിയായ കലാഷ്‌നിക്കോവും (49.5%) പങ്കാളികളായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ്.