ബംഗളൂരു ദുരന്തം, ആർ.സി.ബിയെ കുറ്റപ്പെടുത്തി കർണാടക റിപ്പോർട്ട്, വിരാട് കൊഹ്‌ലിക്കും വിമർശനം

Friday 18 July 2025 1:09 AM IST

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ.സി.ബിയെ കുറ്റപ്പെടുത്തി കർണാടക സർക്കാരിന്റെ റിപ്പോർട്ട്. സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ആർ.സി.ബി സിറ്റി പൊലീസിന്റെ അനുമതി ഇല്ലാതെ വിജയാഘോഷ പരേഡിനായി ആളുകളെ ക്ഷണിച്ചുവെന്ന് പറയുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് പരസ്യമാക്കിയത്.

ആർ‌.സി‌.ബി,ഡി‌.എൻ‌.എ,കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ എന്നിവ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂൺ നാലിനാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ വിക്ടറി പരേഡ് സംഘടിപ്പിച്ചത്. എന്നാൽ ജൂൺ മൂന്നിനാണ് സംഘാടകരായ ആർ.സി.ബി മാനേജ്‌മെന്റ് പരിപാടിയെക്കുറിച്ച് പൊലീസിനെ വിവരം അറിയിക്കുന്നത്. അതിനാൽ പൊലീസിന് വേണ്ട രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ സാധിച്ചിരുന്നില്ല. ഇത്തരം പരിപാടിക്ക് കുറഞ്ഞത് ഏഴ് ദിവസം മുൻപെങ്കിലും അനുമതികൾ വാങ്ങണം.

പൊലീസുമായി കൂടിയാലോചിക്കാതെ ആർ‌.സി‌.ബി അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിധാൻ സൗധയിൽ ആരംഭിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാനിക്കുന്ന വിക്ടറി പരേഡിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുകയായിരുന്നു. കൂടാതെ,ആരാധകരോടൊത്ത് വിജയം ആഘോഷിക്കാൻ ആ​ഗ്രഹിക്കുന്നു എന്നുള്ള വിരാട് കോഹ്‌ലിയുടെ വീഡിയോ ക്ലിപ്പും ആർ.സി.ബി പോസ്റ്റ് ചെയ്തു. ഇതോടെ കൂട്ടമായി ആളുകൾ ചിന്നസ്വാമിയിലേക്ക് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു കിരീടം നേടിയതിന്റെ ഭാ​ഗമായാണ് ചിന്നസ്വാമിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ജൂൺ നാലിനായിരുന്നു സംഭവം. ആർ.സി.ബി താരങ്ങൾക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു.

പൊലീസ് ഓഫീസർമാർക്കും പങ്ക്

ഉന്നത പൊലീസ് ഓഫീസർമാർ ആർ.സി.ബിയുടെ ജീവനക്കാരെ പോലെ പെരുമാറിയെന്ന് കർണാടക സ‍ർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് ഐ.പി.എസ് ഓഫീസർ വികാഷ് കുമാറിന്റെ സസ്പെൻഷൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയതിനെതിരെ സമ‍ർപ്പിച്ച ഹ‍ർജിയിലാണിത്. സി.എ.ടി ഉത്തരവ് അതിന്റെ അധികാരപരിധി ലംഘിച്ചാണെന്നും അത് സ്റ്റേ ചെയ്യണമെന്നും കർണാടകയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടി വാദിച്ചു. ചുമതലയിലെ വീഴ്ച ചൂണ്ടിക്കാട്ടി വികാഷിനെയും മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തത് കേന്ദ്ര സർക്കാർ അംഗീകരിച്ചതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ജൂൺ 5നാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ആർ.സി.ബി പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള ഫൈനൽ മത്സരത്തിന്റെ ടോസിന് മുമ്പുതന്നെ,മത്സരം ജയിച്ചാൽ വിജയം ആഘോഷിക്കാനുള്ള പദ്ധതികളെക്കുറിച്ച് ആർ.സി.ബി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആർ.സി.ബിയുടെ സേവകരായി പ്രവർത്തിച്ചു എന്നായിരുന്നു കോടതിയിൽ സംസ്ഥാനത്തിന്റെ വാദം.