മയക്കുമരുന്ന് കടത്ത്: കനേഡിയൻ ഗുണ്ടാത്തലവൻ അറസ്റ്റിൽ

Friday 18 July 2025 6:52 AM IST

വാഷിംഗ്ടൺ: മയക്കുമരുന്ന് കടത്തുകേസിൽ ഇന്ത്യൻ വംശജനായ കനേഡിയൻ ഗുണ്ടാത്തലവൻ ഒപീന്ദർ സിംഗ് സിയാനെ (താനോസ് - 37)​ അറസ്റ്റ് ചെയ്ത് യു.എസ് ഡ്രഗ് എൻഫോഴ്സ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷൻ. കഴിഞ്ഞ മാസം നെവാഡയിൽ വച്ചാണ് ഖാലിസ്ഥാൻ അനുഭാവിയായ ഇയാളെ പിടികൂടിയതെന്ന് അധികൃതർ വെളിപ്പെടുത്തി.

കസ്റ്റഡിയിലുള്ള ഇയാളെ 21ന് കോടതിയിൽ ഹാജരാക്കും. കാനഡ, മെക്സിക്കോ, തുർക്കി, ഹോങ്കോങ്ങ് തുടങ്ങിയ ഇടങ്ങളിലായി പടർന്നുകിടക്കുന്ന മെത്താംഫെറ്റാമൈൻ, ഫെന്റാനിൽ ശൃംഖലയുടെ തലവനാണ് ഇയാൾ. ഇയാൾ പാകിസ്ഥാന്റെ ചാര സംഘടനയായ ഐ.എസ്.ഐ, ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ്, ചൈന എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചെന്ന് യു.എസ് അധികൃതർ പറയുന്നു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള ഗുണ്ടാ സംഘമായ ' ബ്രദേഴ്സ് കീപ്പേഴ്സി"ലെ മുതിർന്ന അംഗമായിരുന്നു ഇയാൾ. ഐ.എസ്.ഐയുടെ പിന്തുണയോടെയാണ് ബ്രദേഴ്സ് കീപ്പേഴ്സിന്റെ പ്രവർത്തനം. ചൈനയിൽ നിന്ന് യു.എസ് തുറമുഖങ്ങളിലേക്ക് മയക്കുമരുന്ന് കടത്താൻ കനേഡിയൻ ട്രക്കിംഗ് കമ്പനികളെ ഇയാൾ ഉപയോഗിച്ചെന്നും ആരോപിക്കുന്നു. ചൈനയിൽ നിന്ന് മയക്കുമരുന്ന് മെക്സിക്കൻ സംഘങ്ങളിലേക്ക് നേരിട്ടും ഇയാൾ എത്തിച്ചു. 2008 മുതൽ കനേഡിയൻ അധോലോകത്ത് സജീവമായ സിയാൻ ഏതാനും വർഷങ്ങളായി യു.എസ് ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.