റഷ്യൻ ബന്ധം: നാറ്റോയെ തള്ളി ഇന്ത്യ
ന്യൂഡൽഹി: റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ ഉപരോധം ഏർപ്പെടുത്തുമെന്ന നാറ്റോ മേധാവിയുടെ ഭീഷണി തള്ളി ഇന്ത്യ. ജനങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കാണ് മുൻഗണനയെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, വിഷയത്തിൽ ഇരട്ടത്താപ്പ് കാട്ടുന്നതിനെതിരെ പ്രത്യേകം ജാഗ്രത പുലർത്തുന്നതായും വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ വച്ചായിരുന്നു നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുടെ വിവാദ പരാർമശം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് ചൈനയ്ക്കും ബ്രസീലിനും ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ റൂട്ടെ, യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ഈ രാജ്യങ്ങളുടെ തലവൻമാർ ആവശ്യപ്പെടണമെന്നും പറഞ്ഞിരുന്നു. 50 ദിവസത്തിനുള്ളിൽ യുക്രെയിനിൽ വെടിനിറുത്തലിന് ധാരണയായില്ലെങ്കിൽ റഷ്യക്കെതിരെ തീരുവകൾ ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണച്ചായിരുന്നു റൂട്ടെയുടെ പ്രസ്താവന.