മൊബൈലിന് അടിമ, ദിവസവും 150രൂപ പോക്കറ്റ് മണി; സിജോയ് പിതാവിനെ തലയ്‌ക്കടിച്ച് കൊന്നത് പുതിയ ബൈക്കിന് മൈലേജ് കുറവായതിനാൽ

Friday 18 July 2025 10:08 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകൻ അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിയന്നൂർ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനിലെ സുനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിൽ മകൻ സിജോയ് സാമുവലിനെ കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

ജൂൺ 11നാണ് സിജോയ് പിതാവിനെ ആക്രമിച്ചത്. തലയ്‌ക്കടിയേറ്റ് ചികിത്സയിലായിരുന്ന സുനിൽകുമാർ കഴിഞ്ഞദിവസമാണ് മരിച്ചത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾ ശ്രമിച്ചത് സിജോയെ ചൊടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സിജോയുടെ ആവശ്യപ്രകാരം മാതാപിതാക്കൾ ബൈക്ക് വാങ്ങിനൽകിയത്. എന്നാൽ, ഇതിന് മൈലേജ് ഇല്ലെന്ന് പറഞ്ഞ് പുതിയൊരു ബൈക്ക് വാങ്ങിക്കൊട‌ുക്കാൻ സിജോയ് വാശിപിടിച്ചു. ഇതിന്റെ പേരിൽ സിജോയ് മാതാപിതാക്കളെ മർദിക്കാനും തുടങ്ങി.

തുടർന്ന് സുനിലും ഭാര്യ ലളിതകുമാരിയും കാഞ്ഞിരംകുളത്തെ വാടകവീട്ടിലേക്ക് താമസം മാറി. ഇതിനുശേഷവും ബേക്കറി ഉടമയായ സുനിൽകുമാർ എല്ലാ ദിവസവും മകൻ താമസിക്കുന്ന വീട്ടിലെത്തി ഭക്ഷണവും 150രൂപയും നൽകുമായിരുന്നു. ഇത്തരത്തിൽ ഭക്ഷണം കൊടുക്കാൻ പോകവെ യാതൊരു പ്രകോപനവുമില്ലാതെ സിജോയ് പിതാവിനെ തലയ്‌ക്കടിച്ചുവെന്നാണ് വിവരം. അടിയേറ്റ് വീണ സുനിൽകുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

കാൽവഴുതി വീണുവെന്നാണ് ആദ്യം ആശുപത്രി അധികൃതരോട് സുനിൽകുമാർ പറഞ്ഞത്. എന്നാൽ, പരിക്ക് വീഴ്‌ചയിൽ സംഭവിച്ചതല്ലെന്ന് മനസിലാക്കിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സുനിൽകുമാർ - ലളിതകുമാരി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സിജോയ്. സുനിൽകുമാറിന്റെ സംസ്‌കാരം നടത്തി.