ഹൃദയത്തിൽ ഒരിടം
തിരക്കുപിടിച്ച ജീവിതത്തിൽ നമ്മൾ പലപ്പോഴും ജീവിക്കാൻ മറന്നുപോകുന്നു. ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെയുള്ള നെട്ടോട്ടത്തിനിടയിൽ ചുറ്റുമുള്ളവരെ പരിഗണിക്കാനോ സന്തോഷമായി ജീവിക്കുവാനോ കഴിയാറില്ല. ഇങ്ങനെ നമ്മുടെ ജീവിതം യാന്ത്രികവും ശുഷ്കവുമായിത്തീരുന്നു. ഒരിക്കൽ ഒരാൾ പുതിയ കാറു വാങ്ങി. സന്തോഷത്തോടെ അയാൾ അത് ഓടിച്ചു വീട്ടിലേക്കു പോകുകയായിരുന്നു. പെട്ടെന്ന് ഒരു വലിയ കല്ലു വന്നു കണ്ണാടിച്ചില്ലിൽ കൊള്ളുന്ന ശബ്ദം കേട്ട് അയാൾ വണ്ടി നിറുത്തി. നോക്കിയപ്പോൾ ചില്ലു പൊട്ടിയിട്ടുണ്ട്. വില കൂടിയ കാറിൽ ഗമയിൽ യാത്രചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. അയാൾക്ക് ദേഷ്യവും അമർഷവും സങ്കടവും സഹിക്കാനായില്ല. 'ആരെടാ, എന്റെ കാറിനു കല്ലെറിഞ്ഞത് " എന്ന് അലറിവിളിച്ചുകൊണ്ട് അയാൾ ചുറ്റും നോക്കി. റോഡിന്റെ മറുവശത്ത് ഒരു പയ്യൻ നിൽക്കുന്നു. അവന്റെ തൊട്ടടുത്തായി നിലത്ത് ഒരാൾ അവശനായി കിടക്കുന്നു. കാറിന്റെ ഉടമസ്ഥൻ തന്നെ തുറിച്ചുനോക്കുന്നതു കണ്ട കുട്ടി ഓടി അടുത്തുചെന്നു പറഞ്ഞു, 'ക്ഷമിക്കണം സാർ, അച്ഛൻ സൈക്കിളിൽ എന്നെ സ്കൂളിൽ കൊണ്ടുപോകുകയായിരുന്നു. ഇവിടെയെത്തിയപ്പോൾ അച്ഛൻ കുഴഞ്ഞുവീണു. വേഗം ആശുപത്രിയിലെത്തിച്ചാൽ അച്ഛൻ രക്ഷപ്പെടും. ഇതുവഴി പോയ എല്ലാ വണ്ടികൾക്കും ഞാൻ കൈകാണിച്ചു; എല്ലാവരോടും യാചിച്ചു. വണ്ടി നിറുത്താനോ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകാനോ ആരും തയ്യാറായില്ല. വണ്ടിയില്ലാതെ അച്ഛനെ എങ്ങനെ ആശുപത്രിയിലെത്തിക്കും? വേറെ വഴിയില്ലാതെയാണ് ഞാൻ ഇങ്ങനെ ചെയ്തത്. കല്ലെറിഞ്ഞാൽ അങ്ങ് വണ്ടി നിറുത്തും, വിവരം അറിയുമ്പോൾ എന്നോട് ദയ തോന്നിയാലോ എന്നു കരുതി." ഇത്രയും പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കാറുടമസ്ഥൻ പിന്നൊന്നും ചിന്തിച്ചില്ല. അവന്റെ അച്ഛനെ താങ്ങിയെടുത്തു കാറിൽ കിടത്തി ആശുപത്രിയിലെത്തിച്ചു. സമയത്തിന് എത്തിയതുകൊണ്ട് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി. പാവപ്പെട്ട ആ കുടുംബവും രക്ഷപ്പെട്ടു. കാറിന്റെ ഉടമസ്ഥൻ തന്റെ വണ്ടിയുടെ പൊട്ടിയ ആ കണ്ണാടിച്ചില്ല് പിന്നെ ഒരിക്കലും മാറ്റിയില്ല. ജീവിതത്തിന്റെ തിരക്കിനിടയിൽ മറ്റുള്ളവരെ വിസ്മരിക്കാതിരിക്കാൻ എന്നെ എന്നും ഓർമ്മിപ്പിക്കുന്ന അടയാളമായി ഇത് ഇരിക്കട്ടെ എന്ന് അയാൾ ചിന്തിച്ചു. നമ്മുടെ ഒരു നിമിഷത്തെ ക്ഷമ ഒരു നിമിഷത്തെ വിവേകം നമുക്കും ലോകത്തിനും വലിയ അനുഗ്രഹമായിത്തീരാം എന്ന് ഈ കഥ പഠിപ്പിക്കുന്നു. ജീവിതത്തിൽ നമ്മളെപ്പറ്റിയും നമ്മുടെ ആവശ്യങ്ങളെക്കുറിച്ചും മാത്രമേ മനുഷ്യൻ ചിന്തിക്കുന്നുള്ളൂ. ചുറ്റുമുള്ള ലോകത്തിനെക്കുറിച്ചു ചിന്തിക്കാറില്ല. മറ്റുള്ളവരുടെ ഹൃദയവേദന അറിയാനും അത് അല്പമെങ്കിലും പങ്കിടാനും സമയം കണ്ടെത്തുവാനായാൽ, അതിനുള്ള മനോവിശാലത നമുക്ക് ഓരോരുത്തർക്കും ഉണ്ടായാൽ ഈ ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാൻ സാധിക്കും. അതിന്, മറ്റുള്ളവർക്ക് വേണ്ടി അല്പം ഒരിടം നമ്മുടെയുള്ളിൽ കരുതിവയ്ക്കണം. അതു പല രൂപത്തിലാകാം; ക്ഷമയാകാം; സ്നേഹമാകാം. ഈ ഒരു ഭാവം ഉണർത്തിയെടുക്കുവാനായാൽ നമ്മുടെ ജീവിതം സഫലമായി.