പവർഫുൾ ജാനകി
പ്രേക്ഷകർക്ക് നന്ദി അറിയിച്ച് സുരേഷ് ഗോപി
തീപ്പൊരി ഡയലോഗുമായി സുരേഷ് ഗോപിയും മിന്നുന്ന പ്രകടനവുമായി അനുപമ പരമേശ്വരനും നിറഞ്ഞാടുന്ന ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള മികച്ച കളക്ഷനിൽ മുന്നേറുന്നു. 1.25 കോടി ആദ്യദിവസം കേരളത്തിൽ കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. കർണാടകയിലും ആന്ധ്രയിലും തമിഴ്നാട്ടിലും മികച്ച മുന്നേറ്രം നടത്തുന്നു. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായ ശേഷം എത്തുന്ന ആദ്യ സിനിമയാണ് ജെഎസ്.കെ.അഡ്വ. ഡേവിഡ് ആബേൽ ഡോണോവാൻ എന്ന കഥാപാത്രമായി ഞെട്ടിക്കുകയാണ് സുരേഷ് ഗോപി.ഇടവേളയ്ക്ക് ശേഷം വക്കീൽ വേഷത്തിൽ എത്തുന്നു. "ജാനകിയേയും അഡ്വ ഡേവിഡ് ആബേൽ ഡോണോവാനെയും കേരളത്തിലെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം", എന്ന് സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ടൈറ്റിലിനെ ചൊല്ലി
ഏറെ ചർച്ചാവിഷയമായതാണ്. ശക്തമായ പ്രമേയാണ് ജെഎസ് കെയുടെ കരുത്ത്. കോടതിക്ക് അകത്തും പുറത്തും ജാനകി പോരാട്ടം തന്നെ നടത്തി.
ഒരിടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തില്‍ തിരിച്ചെത്തിയ സിനിമയാണ് ജെഎസ്കെ.ജാനകി വിദ്യാധരനായി മറ്റൊരു താരത്തെ കാണാൻ കഴിയാത്ത വിധം കഥാപാത്രത്തെ അനുപമ മികവുറ്റതാക്കി.
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ് , ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, യദു കൃഷ്ണൻ , വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ തുടങ്ങിയ താരങ്ങളെല്ലാം കഥാപാത്രത്തോട് നീതി പുലർത്തി.സുരേഷ് ഗോപിയും മാധവ് സുരേഷും ഒരുമിച്ചുള്ള കോമ്പിനേഷൻ സീൻ ശ്രദ്ധേയമായി.
ക്യാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ രണദിവേയുടെ ഛായാഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗും എല്ലാം ജാനകിയെ കൂടുതൽ മികച്ചതാക്കി.