ഓണപ്പോരിന് തിയേറ്ററുകൾ ഒരുങ്ങി, ആഗസ്റ്റ് 28 മുതൽ റിലീസ്
ഓണ ദിനത്തിൽ തമിഴ് ചിത്രം മദ്രാസി
ലോകയുടെ റിലീസ് തീയതി തീരുമാനിച്ചില്ല
വൻ താര സമ്പന്നതയിൽ ഓണചിത്രങ്ങൾ. മോഹൻലാലും ഫഹദ് ഫാസിലും യുവതാരങ്ങളായ നസ്ലിനും ഷെയ്ൻ നിഗവും, ഹൃദു ഹാറൂണും ഓണചിത്രങ്ങളിൽ അണിനിരക്കുന്നു. അഞ്ചു ചിത്രങ്ങൾ മലയാളത്തിൽ നിന്ന് എത്തുന്നു. ശിവകാർത്തികേയന്റെ മദ്രാസി തിരുവോണദിവസമായ സെപ്തംബർ 5 ന് റിലീസ് ചെയ്യും.
മേഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂർവ്വം ആഗസ്റ്റ് 28ന് റിലീസ് ചെയ്യും. മാളവിക മോഹനൻ ആണ് നായിക. സംഗീത, സിദ്ധിഖ്, സംഗീത് പ്രതാപ്, സ്രിന്ധ തുടങ്ങി നീണ്ട താരനിരയുണ്ട്. ഫഹദ് ഫാസിൽ ,കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരുമായി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന കളർഫുൾ കോമഡി എന്റർടെയ്നർ 29 ന് റിലീസ് ചെയ്യും. നസ്ലനും കല്യാണി പ്രിയദർശനും ഒരുമിക്കുന്ന ലോക: ചാപ്ടർ 1 ചന്ദ്ര ഒാണം റിലീസായി ഒരുങ്ങുന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിൽ ആദ്യമായി ഒരു സൂപ്പർ ഹീറോ യൂണിവേഴ്സിന് തുടക്കം കുറിക്കുന്നു എന്ന പ്രത്യേകതയുണ്ട്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം. ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷത്തിൽ എത്തുന്നു. ഷെയ്ൻ നിഗത്തിന്റെ 25-ാം ചിത്രമായ ബൾട്ടി നവാഗതനായ ഉണ്ണിശിവലിംഗം സംവിധാനം ചെയ്യുന്നു. സ്പോർട്സ് ആക്ഷൻ ഡ്രാമയായ ബൾട്ടി സംഗീതത്തിനും പ്രാധാന്യം നല്‌കുന്നു. തമിഴകത്തെ ശ്രദ്ധേയനായ സായ് അഭ്യങ്കർ ബൾട്ടിയിലൂടെ മലയാളത്തിലേക്ക് സംഗീതം ഒരുക്കാൻ എത്തുന്നു.ഒരേ സമയം മലയാളത്തിലും തമിഴിലുമായി 29ന് ബൾട്ടി റിലീസ് ചെയ്യും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഫൈസൽ സംവിധാനം ചെയ്യുന്ന മേനേ പ്യാർ കിയ 29 ന് റിലീസ് ചെയ്യും.
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. എ.ആർ. മുരുഗദോസ് രചനയും സംവിധാനവും നിർവഹിക്കുന്ന മദ്രാസി തിരുവോണ ദിനമായ സെപ്തംബർ 5 ന് റിലീസ് ചെയ്യും.മലയാളി താരം ബിജു മേനോൻ ഒരു വ്യാഴവട്ടത്തിനുശേഷം തമിഴിൽ എത്തുന്നു.