ഭര്‍ത്താവുമായി അകന്ന് മറ്റൊരാള്‍ക്കൊപ്പം പോയി, കാമുകന്‍ ആവശ്യപ്പെട്ടത് പലരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍

Friday 18 July 2025 7:42 PM IST

അമരാവതി: ഭര്‍ത്താവുമായി അകന്നതിന് ശേഷം മറ്റൊരാള്‍ക്കൊപ്പം ലിവ് ഇന്‍ റിലേഷന്‍ ആരംഭിച്ച യുവതിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കൊനസീമ ജില്ലയിലെ പുഷ്പ (22) എന്ന യുവതിയെയാണ് കാമുകന്‍ ഷെയ്ക് ഷമ്മ കൊലപ്പെടുത്തിയത്. പണം സമ്പാദിക്കാനായി പുഷ്പയോട് ലൈംഗികതൊഴിലിലേക്ക് ഇറങ്ങാന്‍ ഷെയ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. പ്രതിയ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥ നഗറിലെ പുഷ്പയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. ആറ് മാസം മുമ്പാണ് പുഷ്പ തന്റെ ഭര്‍ത്താവുമായി അകന്നത്. പിന്നീട് ഷെയ്കിനെ പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. ഇതിന് ശേഷം മറ്റൊരു വീട് വാടകയ്‌ക്കെടുത്ത് ഇവിടെ താമസം ആരംഭിച്ചു. അധികം വൈകാതെ തന്നെ പുഷ്പയും ഷെയ്കും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. പുഷ്പയ്ക്ക് അന്യപുരുഷന്‍മാരുമായി ബന്ധമുണ്ടെന്നാണ് ഷെയ്ക് ആരോപിച്ചിരുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവും പതിവായിരുന്നു.

അതിനിടെയാണ് എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ ലൈംഗികത്തൊഴിലാളിയാകാനും പലരുമായി ബന്ധത്തില്‍ ഏര്‍പ്പെടാനും ഷെയ്ക് പുഷ്പയെ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതിനെ എതിര്‍ത്ത പുഷ്പ സ്വന്തം വീട്ടിലേക്ക് പോയി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ പുഷ്പയുടെ വീട്ടിലെത്തി തനിക്കൊപ്പം വരാന്‍ ഷെയ്ക് ആവശ്യപ്പെട്ടു. ലൈംഗിക തൊഴിലാളിയായി പ്രവര്‍ത്തിക്കണമെന്ന് ഇവിടെവെച്ചും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെ വീണ്ടും തര്‍ക്കമായി.

തുടര്‍ന്ന് പുഷ്പയുടെ അമ്മയും സഹോദരനും വിഷയത്തില്‍ ഇടപെടുകയും കയ്യാങ്കളിയുണ്ടാകുകയും ചെയ്തു. ഇതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഷെയ്ക് പുഷ്പയെ ആക്രമിച്ചത്. ഇടത് നെഞ്ചിലും കാലിലും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തസ്രാവം സംഭവിച്ചാണ് പുഷ്പ മരണപ്പെട്ടത്.