വായനാപക്ഷാചരണത്തിൽ പുസ്തകങ്ങൾ ശേഖരിച്ച് വിദ്ധ്യാർത്ഥികൾ

Saturday 19 July 2025 1:38 AM IST

നെയ്യാറ്റിൻകര: വായനാപക്ഷാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകരുടെ സഹായത്തോടെ പുതുമ നിറഞ്ഞ ആശയവുമായി നെയ്യാറ്റിൻകരയിലെ മാരായമുട്ടം ജി.എച്ച്.എസിലെ വിദ്യാർത്ഥികൾ. സ്കൂൾപരിസരത്തെ വീടുകളിൽ നിന്ന് ശേഖരിച്ച രണ്ടായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ച് അവ തരംതിരിച്ച് വിവിധ വിഭാഗങ്ങളാക്കി സ്‌കൂൾ ലൈബ്രറിയിലെത്തിച്ചു. നാട്ടുകാരും കുട്ടികളുടെ പരിശ്രമത്തിൽ സജീവമായി കൂടെ നിന്നു. കൂടാതെ ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ ലൈബ്രറി എന്ന ആശയവും കുട്ടികൾ നടപ്പാക്കി സ്കൂൾ ലൈബ്രറിയിലെ ഒരു ഭാഗത്ത് മോണിറ്റർ സ്ഥാപിച്ചു. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കണ്ടെത്താനും, ഡിജിറ്റൽ ഫോർമാറ്റിൽ വായിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വായിച്ച പുസ്തകങ്ങളെ അടിസ്ഥാനമാക്കി ചോദ്യോത്തര മത്സരങ്ങളി പങ്കെടുക്കാനും അവരുടെ അഭിപ്രായങ്ങൾ ഡിജിറ്റൽ രൂപത്തിൽ രേഖപ്പെടുത്താനുമുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

അലീന എന്ന വിദ്യാർത്ഥിക്ക് ഹെഡ്മിസ്ട്രസ് ഷിസി.എസ് 20 പുസ്തകങ്ങൾ നൽകി ‘ഒരു വീട്ടിൽ ഒരു പുസ്തകപ്പുര’ എന്ന പദ്ധതിയും ആരംഭിച്ചു.