സ്‌കൂളിന് മുകളിൽ വൈദ്യുതി കമ്പികൾ... കരീമഠത്തിനും ഷോക്കാകരുത്
കോട്ടയം : കൊല്ലം തേവലക്കരയിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെ വിദ്യാർത്ഥി വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച വാർത്തയിൽ കേരളം നടുങ്ങിയിരിക്കുമ്പോൾ കരീമഠംകാരും പ്രാർത്ഥനയിലാണ്. തങ്ങളുടെ കുട്ടികൾക്കും ഒരാപത്തും വരുത്തരുതേയെന്ന്. കരീമഠം ഗവ.വെൽഫയർ യു.പി സ്‌കൂളിന് മുകളിലൂടെയും ഗ്രൗണ്ടിലൂടെയും കടന്നുപോകുന്ന വൈദ്യുതി ലൈനുകളാണ് ഏവരുടെയും പേടിസ്വപ്നം. നിരവധിത്തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും ലൈൻ മാറ്റാൻ തയ്യാറാകുന്നില്ല. ഒരു ദുരന്തത്തിന് കാത്തുനിൽക്കരുതെന്നാണ് രക്ഷിതാക്കൾക്ക് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്. കുമരകം കെ.എസ്.ഇ.ബി ഓഫീസിൽ രണ്ടുതവണ ഹെഡ്മാസ്റ്റർ പരാതി കൊടുത്തെങ്കിലും ആരും ഗൗനിച്ചില്ല. വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന പ്രദേശമായതിനാൽ അപകടസാദ്ധ്യതയേറെയാണ്.
കെട്ടിടത്തെ ഉരുമ്മി വൈദ്യുതി പോസ്റ്റും സ്‌കൂൾ കെട്ടിടത്തിനോട് ചേർന്നാണ് വൈദ്യുതി പോസ്റ്റും സ്ഥിതി ചെയ്യുന്നത്. ഇതും അപകടഭീഷണി ഉയർത്തുന്നു. കനത്തമഴയിലും കാറ്റിലും വൈദ്യുതി പോസ്റ്റ് സ്‌കൂൾ കെട്ടിടത്തിലേക്ക് ചാഞ്ഞുവീഴുന്നതിന് ഇടയാക്കും. ഇത് വൻ ദുരന്തത്തിലേക്ക് വഴിതുറക്കുമെന്നാണ് ആശങ്ക്.
വൈദ്യുതി പോസ്റ്റും വൈദ്യുതി ലൈനുകളും മാറ്റി സ്ഥാപിച്ച് അപകടസാദ്ധ്യത ഒഴിവാക്കണം.
(സ്‌കൂൾ അധികൃതർ)