വെള്ളക്കെട്ടിൽ വലഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി ബി.ജെ.പി
Saturday 19 July 2025 1:09 AM IST
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ പേരയത്തുകോണം ചിറ്റയത്ത്കോണം റോഡിലെ വെള്ളക്കെട്ടിൽ വലഞ്ഞ് നാട്ടുകാർ. മഴ ശക്തമായതോടെ കാൽനട പോലും അസാദ്ധ്യമാണ്. മലിനജലത്തിൽ തെന്നിവീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവായി. ചിറ്റയത്ത്കോണത്ത് ഓട നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അവഗണിക്കപ്പെട്ടെന്നാണ് ആക്ഷേപം.വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി. ബി.ജെ.പി പേരയത്തുകോണം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളക്കെട്ടിന് സമീപം നടന്ന പ്രതിഷേധയോഗവും പ്രകടനവും ബി.ജെ.പി പൂവത്തൂർ ഏരിയാ പ്രസിഡന്റ് സുരേഷ് ഡി.എം ഉദ്ഘാടനം ചെയ്തു.മണ്ഡലം സോഷ്യൽ മീഡിയ കൺവീനർ മിഥുൻ സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രാജിദാസ് പരിയാരം, ബിജു പരിയാരം, എസ്.എൽ പരാശരൺ തുടങ്ങിയവർ നേതൃത്വം നൽകി.