നടുക്കായലിൽ രക്ഷാകേന്ദ്രമില്ലാതെ മുഹമ്മ - കുമരകം ബോട്ട് യാത്ര

Saturday 19 July 2025 1:32 AM IST

ആലപ്പുഴ : വേമ്പനാട്ട് കായലിൽ മുഹമ്മ - കുമരകം ജലപാതയിൽ ദിശതെറ്റിയുള്ള അപകടങ്ങൾ പതിവാകുമ്പോഴും രക്ഷാകേന്ദ്രമായി ഒരു എമർജൻസി ബോട്ട് ജെട്ടി വേണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുന്നില്ല. യാത്രക്കാരും അസോസിയേഷനുകളും വർഷങ്ങളായി തുടർനിവേദനങ്ങൾ സമർപ്പിച്ചിട്ടും അധികൃതർക്ക് വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെട്ടിട്ടില്ല.

മഴയും കാറ്റും ശക്തമാകുന്ന സമയത്ത് യാത്രാബോട്ടുകളും മത്സ്യബന്ധനവള്ളങ്ങളും ദിശമാറി ഒഴുകുന്നത് പതിവായി. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ബോട്ട് നങ്കൂരമിടാനായി ജലമാർഗ്ഗമദ്ധ്യേ രക്ഷാകേന്ദ്രം വേണമെന്നാണ് ആവശ്യം. സ്വകാര്യബോട്ടുകൾ പ്രവർത്തനം നിലയ്ക്കുമ്പോൾ രക്ഷകരായി എത്തുന്നത് മുഹമ്മ, കുമരകം സ്റ്റേഷനുകളിൽ നിന്നുള്ള ബോട്ടുകളാണ്. 9.6 കിലോമീറ്ററാണ് മുഹമ്മ - കുമരകം ബോട്ട് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും കച്ചവടക്കാരുമടക്കം നിരവധിപ്പേരാണ് മുഹമ്മ - കുമരകം ബോട്ട് സർവീസിനെ മാത്രം ആശ്രയിക്കുന്നത്. കുമരകത്ത് നിന്ന് കരമാർഗം മുഹമ്മയിലെത്താൻ 20 കിലോമീറ്ററിലേറെ സഞ്ചരിക്കണം.

എമർജൻസി ജെട്ടി ഇന്നും അകലെ

 കോൺക്രീറ്റ് കുറ്റിയിൽ സ്ഥാപിച്ച 2 എമർജൻസി ബോട്ട് ജെട്ടികൾ വേണമെന്നാണ് ആവശ്യം

 നിലവിൽ രണ്ട് ബോട്ടുകളാണ് മുക്കാൽ മണിക്കൂർ ഇടവേളയിൽ സർവീസ് നടത്തുന്നത്

 എന്നാൽ ഇതിലൊരെണ്ണം മിക്കപ്പോഴും പണി മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്

സർവീസ് ബോട്ടുകളുടെ എണ്ണം മൂന്നായി ഉയർത്തണമെന്നും ആവശ്യമുയരുന്നു

മുഹമ്മ - കുമരകം ജലപാത

9.6 കിലോമീറ്റർ

എമർജൻസി ബോട്ട് ജെട്ടികൾ സ്ഥാപിച്ചാൽ പ്രതികൂല കാലാവസ്ഥയിൽ മത്സ്യത്തൊഴിലാളികൾക്കും , മറ്റ് സ്വകാര്യ ജലയാനങ്ങൾക്കും , സർവീസ് ബോട്ടുകൾക്കും അപകടങ്ങളിൽ നിന്നും രക്ഷ നേടാനാകും

- സ്രാങ്ക് അസോസിയേഷൻ